ന്യൂഡല്‍ഹി: നോയിഡയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം. മയൂര്‍വിഹാറിലെ അല്‍കോണ്‍ പബ്ലിക് സ്കൂളിനു മുന്നിലാണ് പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ഥിനിയെ അധ്യാപകര്‍ ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം വിദ്യാര്‍ഥിയുടെ നോട്ട് ബുക്കില്‍ താന്‍ പരാജയമാണെന്ന കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ആറുമണിയേടെ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ മുറിയുടെ വാതില്‍ പൂട്ടിയതായി കണ്ടു. ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ കണ്ടത് പെണ്‍കുട്ടി തൂങ്ങിനില്‍ക്കുന്നതാണ്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സയന്‍സും സോഷ്യല്‍ സയന്‍സും പഠിപ്പിച്ചിരുന്ന രണ്ട് അധ്യാപകരെക്കുറിച്ച് മകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും താന്‍ നന്നായി പരീക്ഷയെഴുതിയാലും ലൈംഗികോദ്ദേശ്യത്തോടെ സമീപിക്കാറുണ്ടായ ഈ രണ്ടുപേരും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും അവള് ഭയപ്പെട്ടിരുന്നുവെന്നും പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു. അവര്‍ ദുരുദ്ദേശ്യത്തോടെ സമീപിച്ചതായി അവള് പറഞ്ഞിരുന്നു. എന്നാല്‍ താനും ഒരു അധ്യാപകനായതിനാല്‍ അവര്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല എന്നാണ് കരുതിയത്- പിതാവ് പൊലീസിനോട് പറഞ്ഞു.


