കൊച്ചി: ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മനസ് കാണിക്കാതെ നോക്കിനിന്ന ജനം മനസാക്ഷി മരവിപ്പിച്ച സമൂഹത്തിന്റെ നേര്‍ക്കാഴ്ചയായി. എറണാകുളം പത്മ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
തൃശൂര്‍ ഡിവൈന്‍നഗര്‍ സ്വദേശി സജിയാണ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് തല കറങ്ങി റോഡിലേക്ക് വീണത്. നിര്‍ത്തിയിട്ട ഒരു സ്കൂട്ടറിന് മുകളില്‍ തട്ടി ഫു്ടപാത്തിലേക്ക് വീണ സജിയെ കണ്ടെങ്കിലും ഇയാളെ ആശുത്രിയില്‍ കൊണ്ടുപോകാനോ, ഒന്നു തിരിഞ്ഞു നോക്കാനോ സ്ഥലത്ത് കൂടി നിന്നവര്‍ തയ്യാറായില്ല. ചിലര്‍ നോക്കിയ ശേഷം കടന്നുപോയി. മറ്റു ചിലര്‍ കണ്ടില്ലെന്ന് നടിച്ചു.
ഇതിനിടെയാണ് അജ്ഞാതയായ സ്ത്രീ അവിടേക്ക് വന്നത്. സജിയെ ആശുപത്രിയിലെത്തിക്കാന്‍ കൂടിനിന്നവരോട് സ്ത്രീ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും മടിച്ചു നിന്നതേയുള്ളൂ. ഒടുവില്‍ ഒരു ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി, സജിയെ കയറ്റി. എന്നാല്‍ സജിയെ വീണ്ടും റോഡില്‍ തന്നെ കിടത്തി, ഓട്ടോക്കാരന്‍ കടന്നുപോയി. ശേഷം ആ സ്ത്രീ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് സജിയെ കാറില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
നില ഗുരുതരമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

