ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ മാറ്റത്തിന് വഴിവെക്കുന്ന പ്രഖ്യാപനവുമായി ഉലകനായകന് കമല്ഹാസന്. ഫെബ്രുവരി 21 ന് പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കമല്ഹാസന് വ്യക്തമാക്കിയിട്ടുള്ളത്.
തമിഴ്നാട്ടിലെ രാമനാഥപുരത്തുവച്ച് ഔദ്യോഗികമായി പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നും അതേ ദിവസം തന്നെ സംസ്ഥാനത്ത് പര്യടനം ആരംഭിക്കുമെന്നും താരം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജന്മദേശമായ രാമനാഥപുരത്തുനിന്ന് പര്യടനം ആരംഭിച്ച ശേഷം അദ്ദേഹം മധുരൈ, ഡിണ്ടിഗല്‍, ശിവഗംഗൈ എന്നീ ജിലകളിലെ ജനങ്ങളെ സന്ദര്‍ശിക്കും. ഇതോടെയാണ് കമലഹാസന്റെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം നടക്കുക.
പര്യടനത്തിന്റെ ആരംഭത്തില്‍ത്തന്നെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരു പ്രഖ്യാപിക്കുമെന്നും നയങ്ങളും മുന്നോട്ടു നയിക്കേണ്ട തത്വങ്ങളും പ്രഖ്യാപിക്കുമെന്നും കമല്‍ വ്യക്തമാക്കി. തമിഴ്നാട് രാഷ്ട്രീയത്തില്‍ കുറച്ചുകാലങ്ങളായി നിലനില്‍ക്കുന്ന മാറ്റമില്ലാത്ത അവസ്ഥയെ വെല്ലുവിളിച്ചാണു താന്‍ രംഗത്തിറങ്ങുന്നത്. ഇതിനായി തന്റെ ചിന്തകളും പ്രവൃത്തികളും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. സംസ്ഥാന പര്യടനം കൊണ്ടു ലക്ഷ്യമിടുന്നത് ഇതാണ്. ജനങ്ങള്‍ക്ക് എന്താണു വേണ്ടതെന്നു മനസ്സിലാക്കണം. അവരുടെ പ്രശ്നങ്ങള്‍ കണ്ടറിയണം- കമല്‍ പറഞ്ഞു.