ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് എന്നറിയപ്പെടുന്ന ഹോമായ് വ്യാരവാലയുടെ 104മാത് ജന്മദിനമാണ് ഇന്ന്. ക്യാമറയും പിടിച്ചു നില്ക്കുന്ന ഹോമായുടെ ചിത്രം കൊടുത്തുകൊണ്ട് ആണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ അവരുടെ പിറന്നാള്‍ ആഘോഷിക്കുന്നത്.
1913 ഡിസംബര്‍ 9 ന് മുംബൈയിലാണ് ഹോമായി ജനിക്കുന്നത്. ജെ. ജെ. സ്കൂൾ ഓഫ് ആർട്സ് വിദ്യാർഥിനിയായിരിക്കെയാണ് ഫോട്ടോഗ്രാഫിയിൽ ആകൃഷ്ടയാവുന്നത്. പിന്നീട് ജീവിത പങ്കാളിയായ മനേക് ഷാ വ്യാരവാല ആയിരുന്നു പ്രചോദനം.
ഡാല്‍ഡ 13′ എന്ന വിളിപ്പേരില്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ട ഹോമായി പുരുഷന്മാര് കൈയടക്കിവാണിരുന്ന ഫോട്ടോഗ്രാഫി തട്ടകത്തിലെ ഏക സ്ത്രീസാന്നിധ്യമായിരുന്നു. 1938 മുതല്‍ 1973 വരെയുള്ള മുപ്പത്തഞ്ചുവര്‍ഷം ഹോമായി ഇന്ത്യയുടെ ഓരോ നാഡിമിടിപ്പും പകര്‍ത്തി.
രണ്ടാം ലോകമഹായുദ്ധം, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ബംഗാൾ വിഭജനം, റെഡ്ഫോർട്ടിൽ ആദ്യമായി ദേശീയ പതാക ഉയർത്തുന്നത് ഇവയെല്ലാം അവരുടെ ക്യാമറയിലൂടെ ചരിത്രത്തിന്റെ താളുകളിലെ മായാത്ത ചിത്രങ്ങളായി. പാകിസ്താനിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് വ്യാകുലനായി കാണപ്പെട്ട ജിന്നയുടെ പടം, ഗാന്ധിജിയുടെ വിയോഗവേളയിലെ ദൃശ്യങ്ങൾ എന്നിവയും പ്രസിദ്ധങ്ങളായിരുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ സുപ്രധാന കാലഘട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇവര്‍ക്ക് 2011-ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. സ്ത്രീക്ക് പരിമിതികള്‍ ഇല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തെളിയിച്ച ഹോമായി 2012 ജനുവരി 15 ഈ ലോകത്തോട് വിട പറഞ്ഞു.


