ആലപ്പുഴ: കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം പൂര്‍ണമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഈ അധ്യയനവര്‍ഷം അംഗീകാരമില്ലാത്തതിന്‍റെ പേരില്‍ സംസ്ഥാനത്തെ ആറായിരത്തോളം ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് പൂട്ടുവീഴാനൊരുങ്ങുമ്പോള്‍ സുപ്രീംകോടതി നിലപാടില്‍ കണ്ണുംനട്ട് അണ്‍എയ്ഡഡ് സ്ക്കൂളുകള്‍.
പരീക്ഷാക്കാലം ആരംഭിക്കുകയും പുതിയ അധ്യയന വര്‍ഷത്തിനുളള ഒരുക്കം തുടങ്ങുകയും ചെയ്യേണ്ട ഘട്ടത്തില്‍ സ്കൂള്‍ മാനേജുമെന്‍റുകളും അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും കോടതി നിലപാട് കാത്ത് നില്‍ക്കുകയാണ്. സര്‍ക്കാര്‍ നടപടിക്കെതിരേ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി അടുത്ത ഒന്‍പതിന് കോടതി പരിഗണിക്കും.
കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം പൂര്‍ണമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സ്കൂളുകള്‍ പൂട്ടുന്നത്. സ്കൂളിന് അംഗീകാരമുണ്ടെങ്കില്‍ അറിയിക്കണമെന്നും അല്ലാത്തപക്ഷം 2017 -18 അധ്യയന വര്‍ഷം മുതല്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെന്നുമാണ് നിര്‍ദേശം.
ധിക്കരിച്ച് സ്കൂളുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം മാനേജര്‍ക്കെതിരേ ക്രിമിനല്‍ക്കേസെടുക്കാനും പിഴയീടാക്കാനുമാണു സര്‍ക്കാര്‍ നീക്കം.
കേരള വിദ്യാഭ്യാസച്ചട്ടപ്രകാരം പുതിയ സ്കൂള്‍ തുടങ്ങണമെങ്കില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച് അടുത്ത് പൊതുവിദ്യാലയങ്ങളില്ലെന്നു ബോധ്യപ്പെടണം. ഈ വ്യവസ്ഥ പാലിക്കാതെയാണ് 90 ശതമാനത്തോളം സി.ബി.എസ്.ഇ. സ്കൂളുകളും നടത്തുന്നതെന്നാണ് ഡി.ഇ.ഒമാരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

