കോട്ടയം: ചെന്നൈയ്ക്കടുത്ത് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം പരിശോധിക്കാനായി പോലീസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു. എരുമേലി, മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്നയുടെ അടയാളങ്ങളുമായി സാമ്യമുണ്ടെന്ന് മനസിലായതോടെയാണ് പോലീസ് കാഞ്ചീപുരത്തേക്ക് തിരിച്ചത്.
മൃതദേഹം ആരുടേതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തമിഴ്നാട് പോലീസ് അറിയിച്ചതനുസരിച്ച് ജെസ്നയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് മൃതദേഹം പരിശോധിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കത്തിച്ചതാകാനാണ് സാധ്യതയെന്ന് തമിഴ്നാട് പോലീസ് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കത്തിക്കരിഞ്ഞ മൃതദേഹം പെണ്‍കുട്ടിയുടേതാണെന്നും പ്രായം 19-21 പരിധിയിലാണെന്നും പരിശോധനയില്‍ വ്യക്തമായി.
പല്ലില്‍ കമ്പിയിട്ടതും ജെസ്നയുമായി സാമ്യതയുണ്ടാക്കിയിട്ടുണ്ട്. ഈ ലക്ഷണങ്ങള്‍ ഒത്തുവന്നതോടെയാണ് പോലീസ് തമിഴ്നാട്ടിലേക്ക് പോയത്. തമിഴ്നാട്ടിലേക്ക് പോയ പോലീസ് സംഘത്തില്‍ നിന്ന് ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്‍റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) കാണാതായിട്ട് മൂന്ന് മാസം കഴിഞ്ഞു. ജെസ്‌നയെ കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജെസ്‌നയെ തിരുവല്ലയിലുള്ള ഒരു കല്യാണ വീട്ടില്‍ കണ്ടിരുന്നുവെന്നും അതിനു പിന്നാലെ ബംഗളൂരുവില്‍ കണ്ടെത്തിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിലെയൊന്നും സത്യാവസ്ഥ ഇതുവരെ മറനീക്കി പുറത്തേക്കു വന്നിട്ടില്ല.
അതിനിടെയാണ് പുതിയ കഥ പുറത്തുവന്നത്. മാര്‍ച്ച് 22നാണ് ജെസ്‌നയെ കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്‌നയെക്കുറിച്ച് പിന്നീട് വിവരമില്ല. ഓട്ടോറിക്ഷയിലും ബസിലുമായി ജെസ്‌ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജെസ്‌നയുടെ കൈവശം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇല്ല.

