അമ്ബും വില്ലുമേന്തി യോഗി പ്രതിഷ്ഠ,​ രാവിലെയും വൈകിട്ടും പൂജ,​ അയോദ്ധ്യയില്‍ യോഗി ആദിത്യനാഥിനും ക്ഷേത്രം നി‌ര്‍മ്മിച്ച്‌ ആരാധകന്‍

ലക്നൗ : അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരും മുന്‍പേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരില്‍ ക്ഷേത്രം ഒരുങ്ങുന്നു.

അയോദ്ധ്യയില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി ഭാരത്കുണ്ഡിലാണ് യോഗി ആദിത്യനാഥിന് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമ്ബും വില്ലുമേന്തി നില്‍ക്കുന്ന യോഗി ആദിത്യനാഥിന്റെ വിഗ്രഹത്തില്‍ എല്ലാദിവസവും രാവിലെയും വൈകിട്ടും പൂജയും പ്രസാദ വിതരണവും ഉണ്ട്.

പ്രദേശവാസിയായ പ്രഭാകര്‍ മൗര്യയാണ് ക്ഷേത്രം നിര്‍മ്മിച്ചത്. യോഗി പ്രചാരകനാണ് താന്‍ എന്നാണ് പ്രഭാകര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഇയാള്‍ ഒരു യുട്യൂബ് വ്ലോഗര്‍ കൂടിയാണ്. രാമക്ഷേത്രം ആര് നിര്‍മ്മിക്കുന്നുവോ അവര്‍ക്കായി ക്ഷേത്രം പണിയുമെന്ന് പ്രതിജ്ഞ എടുത്തിരുന്നതായി പ്രഭാകര്‍ പറയുന്നു. ക്ഷേത്രത്തിനകത്ത് പ്രഭാകര്‍ ദീപാരാധന നടത്തുന്നതും പ്രസാദ വിതരണം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രം നിര്‍മ്മിക്കാന്‍ എട്ടര ലക്ഷം രൂപ ചെലവ് വന്നു. യോഗിയുടെ ശില്പം രാജസ്ഥാനില്‍ നിര്‍മ്മിച്ച്‌ ക്ഷേത്രത്തില്‍ സ്ഥാപിക്കുകയായിരുന്നു. രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നടന്ന 2020 ഓഗസ്റ്റ് അഞ്ചിനാണ് ശ്രീ യോഗി മന്ദിര്‍ നിര്‍മാണം പ്രഭാകര്‍ മൗര്യ തുടങ്ങിയത്.

ക്ഷേത്രം നിര്‍മിച്ചത് വാര്‍ത്തയായതോടെ വിമര്‍ശനവും വന്നു. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവാണ് ക്ഷേത്ര നിര്‍മിച്ചത് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. എന്നാല്‍ ക്ഷേത്രത്തെ കുറിച്ച്‌ ബിജെപിയോ യോഗി ആദിത്യനാഥോ ഇത് വരെ പ്രതികരിച്ചിട്ടില്ല.

prp

Leave a Reply

*