വൈ-ഫൈ അപകടമോ? കൂടുതല്‍ അറിയൂ…

ഇക്കാലത്ത്, വീടുകളിലും, ഓഫീസുകളിലും മാളുകളിലും വിമാനത്താവളങ്ങളിലും ഹോട്ടലുകളിലുമെന്നുവേണ്ട കാബുകളില്‍ പോലും നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് വൈ-ഫൈ. ആധുനിക യുഗത്തില്‍ വൈ-ഫൈ ഒരു അത്യാവശ്യ ഘടകമായി മാറിയിരിക്കുന്നു. എന്നാല്‍, നമ്മെ എപ്പോഴും ചൂഴ്ന്നു നില്‍ക്കുന്ന ഈ വികിരിണങ്ങള്‍ സുരക്ഷിതമാണോയെന്നുള്ള ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

“വയര്‍ലെസ് ഫിഡെലിറ്റി” എന്നതിന്‍റെ ചുരുക്കപ്പേരാണ് വൈ-ഫൈ. കമ്ബ്യൂട്ടറുകള്‍, ടാബ്ലെറ്റുകള്‍, സെല്‍ ഫോണുകള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ആശയവിനിമയത്തിനായി റേഡിയോഫ്രീക്വന്‍സി തരംഗങ്ങള്‍കൊണ്ട് നിര്‍മ്മിക്കുന്ന ഒരു വയര്‍ലെസ് ശൃംഖലയാണിത്.

വൈ-ഫൈ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപരമായ ചില ഉത്കണ്ഠകളെക്കുറിച്ചാണ് ഇനി പറയുന്നത്;

ഉറക്കമില്ലായ്മ

വൈ-ഫൈ ഓണ്‍ ആക്കിക്കൊണ്ട് അല്ലെങ്കില്‍ ഒരു സെല്‍ഫോണിന് അടുത്ത്, ഉറങ്ങാന്‍ കിടക്കുന്നത് വിട്ടുമാറാത്ത ഉറക്ക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. വൈ-ഫൈയില്‍ നിന്നുള്ള നിരന്തരമായ വികിരണങ്ങള്‍ ഉറക്കത്തെ തടസ്സപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വികാസപരമായ പ്രശ്നങ്ങള്‍

വൈ-ഫൈയുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിക്കുന്നത് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച്‌ പ്രായം കുറഞ്ഞവരില്‍, ആശങ്കകള്‍ക്ക് കാരണമായിരിക്കുന്നു. വൈ-ഫൈ ഉപകരണങ്ങളില്‍ നിന്നുള്ള വികിരണങ്ങള്‍ ഏല്‍ക്കുന്നത് കോശങ്ങളുടെ ആരോഗ്യപരമായ വികാസത്തെ, പ്രത്യേകിച്ച്‌ ഭ്രൂണത്തിന്‍റെ വികാസ കാലഘട്ടത്തില്‍, പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. റേഡിയോ തരംഗങ്ങള്‍ ഏല്‍ക്കുന്നതുമായി ബന്ധപ്പെട്ട് 2004 ല്‍ എലികളില്‍ നടത്തിയ ഒരു പഠനം ഇത് ശരിവയ്ക്കുന്നതായിരുന്നു. പഠനത്തില്‍, റേഡിയോ തരംഗങ്ങളുമായി സമ്പര്‍ക്കത്തിലായ എലികളുടെ വൃക്കകളുടെ വികാസത്തിന് താമസം നേരിട്ടതായി കണ്ടെത്തി.

തലച്ചോറിന്‍റെ പ്രവര്‍ത്തനം കുറയുന്നു 

ഇതുസംബന്ധിച്ച പഠനം നടന്നത് ചൈനയിലാണ്. 2014 ല്‍ നടന്ന പഠനത്തില്‍, 30 മിനിറ്റു നേരം റേഡിയോ തരംഗങ്ങളുടെ വികിരണം ഏറ്റതു മൂലം തലച്ചോറിന്‍റെ പ്രവര്‍ത്തനം സാവധാനത്തിലായെന്ന് കണ്ടെത്തി.

പ്രത്യുത്പാദനക്ഷമത കുറയുന്നു 

ലാപ്ടോപ്പുകളില്‍ നിന്നുള്ള ചൂട് ബീജങ്ങള്‍ക്ക് നല്ലതല്ലെന്ന് നിരവധി പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. 2012 ല്‍ അര്‍ജന്‍റീനയില്‍ നടന്ന മറ്റൊരു പഠനത്തില്‍, വൈ-ഫൈ വികിരിണങ്ങള്‍ ബീജത്തിന്‍റെ ചലനശേഷിയെയും ഡിഎന്‍എ യുടെ ഘടനയെയും പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമായി. പഠനത്തില്‍, ബീജത്തിന്‍റെ സാമ്പിളുകള്‍, പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി, വൈ-ഫൈ യുമായി ബന്ധിപ്പിച്ച ഒരു ലാപ്ടോപ്പുമായി നാല് മണിക്കൂര്‍ നേരം സമ്പര്‍ക്കത്തിലാവാന്‍ അനുവദിച്ചു. ഇതു മൂലം ബീജങ്ങളുടെ ചലനശേഷിയില്‍ കാര്യമായ കുറവ് ഉണ്ടായതായും ഡിഎന്‍എ വേര്‍പിരിയലിന്‍റെ തോത് ഉയര്‍ന്നതായും കണ്ടെത്തി.

ക്യാന്‍സര്‍

ഇത്തരം വികിരണങ്ങള്‍ ക്യാന്‍സറിനു കാരണമാകുമോ എന്നത് ഇപ്പോഴും ഒരു തര്‍ക്കവിഷയമാണ്. റേഡിയോ ഫ്രീക്വന്‍സി വൈദ്യുതകാന്തിക മണ്ഡലങ്ങള്‍ മനുഷ്യരില്‍ ക്യാന്‍സറിനു കാരണമായേക്കാം (ഗ്രൂപ്പ് 2ബി) എന്ന് ക്യാന്‍സര്‍ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇതു മൂലം അധിക അപകടസാധ്യത ഇല്ല എന്നായിരുന്നു മൃഗങ്ങളില്‍ നടത്തിയ മറ്റു പഠനങ്ങളില്‍ കണ്ടെത്തിയത്.

കുട്ടികളെ എങ്ങനെ ബാധിക്കുന്നു

കലിഫോര്‍ണിയയിലെ ‘എന്‍വിയോണ്മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റ് ആന്‍ഡ് യൂണിവേഴ്സിറ്റി’യിലെ ഗവേഷകര്‍ 2014 ല്‍ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രീയ വിശകലന റിപ്പോര്‍ട്ടില്‍ വയര്‍ലെസ് ഉപകരണങ്ങളില്‍ നിന്നുള്ള മൈക്രോവേവ് റേഡിയേഷന്‍ (എംഡബ്ളിയുആര്‍) ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതിലെ പ്രധാനപ്പെട്ട വസ്തുതകളാണ് ഇനി പറയുന്നത്;

  • കുട്ടികള്‍ മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ എംഡബ്ല്യൂആര്‍ വലിച്ചെടുക്കുന്നു. ഇവരുടെ തലയോട്ടി ചെറുതും കട്ടികുറഞ്ഞതുമായതിനാലും കുട്ടികളുടെ തലച്ചോറിന് ആഗിരണശേഷി കൂടുതലായതുമാണ് ഇതിനു കാരണമായി പറയുന്നത്.
  • ഭ്രൂണത്തിന് എംഡബ്ളിയുആര്‍ ഏല്‍ക്കുന്നതിനുള്ള അപകടസാധ്യത കൂടുതലാണ്.

സ്വിറ്റ്സര്‍ലന്‍ഡില്‍ 2010 ല്‍ നടത്തിയ ഒരു പഠനത്തിന്‍റെ അടിസ്ഥാനത്തില്‍, കുട്ടികളുടെ മജ്ജ മുതിര്‍ന്നവരെക്കാള്‍ 10 മടങ്ങ് അധികം എംഡബ്ല്യൂആര്‍ ആഗിരണം ചെയ്യുമെന്ന് കണ്ടെത്തി.

വൈ-ഫൈ സമ്പര്‍ക്കം മൂലം ജീവശാസ്ത്രപരമായ തകരാറുകള്‍ സംഭവിക്കുമെന്ന് നിരവധി പഠനങ്ങളില്‍ പറഞ്ഞിട്ടുണ്ടെങ്കിലും സാങ്കേതികമായ പരിമിതികള്‍ മൂലം എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അടിവരയിട്ടു പറയാന്‍ സാധിച്ചിട്ടില്ല. മിക്ക പഠനങ്ങളും മൃഗങ്ങളിലായിരുന്നു നടത്തിയത്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് വ്യക്തമാക്കാന്‍ മനുഷ്യരില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.

മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം, വൈ-ഫൈ വികിരണങ്ങള്‍ മിക്ക സാഹചര്യങ്ങളിലും സുരക്ഷിതമായിരിക്കും. എന്നാല്‍, ഗര്‍ഭിണികളും കുട്ടികളും കഴിവതും ഇതുമായി  അടുപ്പം പുലര്‍ത്താതിരിക്കുക. വൈ-ഫൈ ഉപകരണങ്ങള്‍ ശരീരത്തില്‍ നിന്ന് പരമാവധി അകറ്റിപ്പിടിച്ചും ഉപയോഗിക്കാത്ത അവസരത്തില്‍ ഓഫാക്കിവച്ചും അനാവശ്യ വികിരണങ്ങളില്‍ നിന്ന് രക്ഷനേടുക.

prp

Related posts

Leave a Reply

*