കാലം തെറ്റി എത്തിയ മഴ വരും ദിവസങ്ങളിലും തുടരും, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി: കാലം തെറ്റി എത്തിയ മഴ വിട പറയാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ 13 വരെയാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുക. മറ്റിടങ്ങളില്‍ ഇടത്തരം മഴയോ ചാറ്റല്‍ മഴയോ പ്രതീക്ഷിക്കാം.

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് അലര്‍ട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. നാളെ തിരുവനന്തപുരത്ത് ചിലയിടങ്ങളില്‍ തീവ്രമഴയും ലഭിച്ചേക്കാം.

സാധാരണയായി നിര്‍ജീവമായ കിഴക്കന്‍ കാറ്റ് സജീവമാകുകയും ഇത് പടിഞ്ഞാറന്‍ കാറ്റുമായി കേരളത്തില്‍ മുകളില്‍ വെച്ച്‌ ചേരുന്നതുമാണ് നിലവിലെ മഴക്ക് കാരണം. ഇതിന് ആക്കം കൂടി അന്തരീക്ഷ ചുഴികളും ന്യൂനമര്‍ദ സാധ്യതകളും ഉണ്ടാകുന്നതും കൂടുതല്‍ അനുകൂലമായി മാറി.
ചരിത്രം തിരുത്തി കഴിഞ്ഞ ദിവസം വടകരയില്‍ അതി തീവ്രമഴ ലഭിച്ചിരുന്നു. ഏഴിനാണ് കോഴിക്കോട് ജില്ലയില്‍പ്പെട്ട ഇവിടെ കാലവര്‍ഷത്തെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ 22 സെ.മീ. മഴ കിട്ടിയത്. ശനിയാഴ്ച മഴയുടെ ശക്തിയില്‍ അല്‍പം കുറവ് വന്നിരുന്നെങ്കിലും ഇന്നലെ രാവിലെ മുതല്‍ സംസ്ഥാനത്ത് മിക്കയിടത്തും മൂടിക്കെട്ടിയ ആകാശമായിരുന്നു. പലയിടത്തും ഇടത്തരവും ശക്തവുമായ മഴയും ലഭിച്ചു.

ഞെട്ടിച്ച്‌ മഴയുടെ കണക്ക്

ഇടുക്കി: സാധാരണയുള്ള ചരിത്രങ്ങള്‍ തിരുത്തി കുറിയ്ക്കുകയാണ് പുതുവര്‍ഷ ആരംഭം തന്നെ. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാലം തെറ്റിയെത്തിയ മഴ വരവ് അറിയിച്ചിരുന്നു. മഴയുടെ ഇതുവരെയുള്ള കണക്കുകള്‍ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം പുറത്ത് വിട്ടിട്ടുണ്ട്. ഇത് വായിച്ചാല്‍ ആരുമൊന്ന് ആശ്ചര്യപ്പെടും.

ഈ മാസം ഇന്നലെ രാവിലെ വരെ സംസ്ഥാനത്ത് 2.7 മി.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയതാകട്ടെ 88.6 മി.മീറ്ററും. അതായത് 3180% കൂടുതല്‍. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മഴ ഏറ്റവും അധികം കൂടിയത്. തുലാമഴ 26% കുറഞ്ഞപ്പോഴാണിത്. മൊത്തം മഴയുടെ രണ്ട് ശതമാനം മാത്രമാണ് ജനുവരി-മെയ് വരെയുള്ള കാലയളവില്‍ ലഭിക്കാറുള്ളത്. നിലവില്‍ തന്നെ അത് ഈ കണക്ക് ഭേദിച്ചു.

prp

Leave a Reply

*