വാഷിംഗ്ടണ്‍: ഗര്‍ഭിണിയായ കാമുകിക്ക് ചായയില്‍ ഗര്‍ഭനിരോധന ഗുളിക കലക്കി നല്കി ഗര്‍ഭം അലസിപ്പിച്ച കേസില്‍ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. വാഷിംഗ്ടണിലെ മെഡ്സ്റ്റാര്‍ ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന സിക്കന്ദര്‍ ഇമ്രാനെയാണ് കോടതി മൂന്നുവര്‍ഷം ശിക്ഷിച്ചത്.
യു.എസ് സ്വദേശിനിയായ ബ്രൂക്ക് ഫിസ്ക്കാണ് ഇമ്രാനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമായിരുന്ന ഇരുവരും മൂന്ന് വര്‍ഷത്തോളമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ ബ്രൂക്ക് ഗര്‍ഭം ധരിച്ചു. എന്നാല്‍ പെട്ടെന്ന് ഒരു കുഞ്ഞ് വേണ്ടെന്നായിരുന്നു ഇമ്രാന്റെ നിലപാട്. ഇതോടെ കാമുകിയെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിനെ നശിപ്പിക്കാന്‍ കാമുകി തയ്യാറായില്ല.
ഇതിനിടെ വാഷിംഗ്ടണിലേക്ക് ജോലിമാറ്റം കിട്ടി പോയ ഇമ്രാനെ കഴിഞ്ഞ വര്‍ഷം മേയില്‍ യുവതി കാണാന്‍ ചെന്നിരുന്നു. അവിടെ വച്ചായിരുന്നു ചായയില്‍ ഗര്‍ഭനിരോധന ഗുളിക കലക്കി നല്‍കിയത്. കപ്പിനടിയില്‍ ഗുളികയുടെ ശകലങ്ങള്‍ കാണാനിടയായ ബ്രൂക്ക് താന്‍ ചതിക്കപ്പെട്ടെന്ന് തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും അപ്പോഴേക്കും ഗര്‍ഭഛിദ്രം നടന്നിരുന്നു.
17 ആഴ്ചയോളം ഗര്‍ഭിണിയായിരുന്നു ആ സമയത്ത് താനെന്ന് ബ്രൂക്ക് കോടതിയെ ബോധിപ്പിച്ചു. മൈസോപ്രോസ്റ്റോള്‍ എന്ന ഗുളികയാണ് ഇമ്രാന് നല്‍കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ഗര്‍ഭഛിദ്രം അമേരിക്കയില്‍ 40 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. എന്നാല്‍ മുന്‍ കാമുകന് നീണ്ട നാള് ജയിലില്‍ കിടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബ്രൂക്ക് ഫിസ്ക് കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മൂന്ന് വര്‍ഷമായി ശിക്ഷ ചുരുക്കിയത്.
സംഭവത്തെ തുടര്‍ന്ന് ഇമ്രാന്റെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കുകയും പാകിസ്ഥാനിലേക്ക് നടുകടത്തുകയും ചെയ്തുവെന്ന് വാഷിംഗ് ടണിലെ WJLA ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
