തിരുവനന്തപുരം : വിവാഹതട്ടിപ്പ് നടത്തിയ പൂജാരി പിടിയില്‍. മൂന്ന് വിവാഹം കഴിച്ച് ഭാര്യമാരുടെ സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങിയ കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശിയായ അജീഷാണ് പോലീസ് പിടിയിലായത്. വക്കം സ്വദേശിയായ യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് കടക്കാവൂര്‍ പോലീസ് ഇയാളെ പിടികൂടിയത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നാണ് അജീഷ് വിവാഹം കഴിച്ചത്. ഏഴ് വര്‍ഷം മുമ്പ് കൊല്ലം വള്ളിക്കാവിലുള്ള സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ഇതില്‍ ഒരു കുട്ടിയുണ്ട്. ശേഷം ഈ സ്ത്രീയെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
പിന്നീട് കടയ്ക്കാവൂര്‍ മല്ലന്നടയിലെ പൂജാരിയായി ജോലിചെയ്യവേ മറ്റൊരു വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ശേഷം ഇവരെയും ഉപേക്ഷിച്ച് കടന്ന ഇയാള്‍ ആഗസ്ത് 23ന് ആലപ്പുഴ എഴുപുന്നയിലുളള യുവതിയെ വിവാഹം ചെയ്തു. ഈ വിവാഹത്തെ കുറിച്ച് രണ്ടാം ഭാര്യ അറിഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

