സര്‍ക്കാരും പ്രതിപക്ഷവും ഈ സമരത്തിന്റെ മുമ്ബില്‍ തോല്‍ക്കും – വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം അവരുടെ നിലനില്പിന് വേണ്ടിയുള്ള പോരാട്ടമാണ്.
അവര്‍ക്ക് വലിയ ആവശ്യങ്ങളൊന്നുമില്ല. കടലില്‍ പോയി മത്സ്യം പിടിക്കാനുള്ള സാഹചര്യം വേണം. അത് വില്ക്കുവാനുള്ള സൗകര്യം വേണം. അന്തിയുറങ്ങാന്‍ ഒരു കൂര വേണം. ഇതിനായിട്ടാണ് അവരുടെ സമരം.
വലിയ വികസന സാധ്യതകള്‍ മുമ്ബില്‍ കണ്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതി ആരംഭിച്ചത്. അദാനി ഗ്രൂപ്പിനാണ് തുറമുഖം പാട്ടത്തിന് നല്‍കിയിരിക്കുന്നത്. ഇതിന്റെ കരാര്‍ ഒപ്പിട്ടത് 2011ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും അന്ന് ചാകരയായിരുന്നു.
അദാനിയുടെ കൈയ്യില്‍ നിന്നും ഇഷ്ടം പോലെ ദ്രവ്യം ലഭിച്ചു അദാനി ക്ക്വേണ്ടതു യാതൊരു ലോഭവുമില്ലാതെ ചെയ്തു കൊടുത്ത് കൊണ്ടിരുന്നു. വളരെ കുറഞ്ഞ നിരക്കിലാണ് അദാനിക്ക് പാറകള്‍ നല്കിക്കൊണ്ടിരുന്നത്. അദാനിയെ സുഖിപ്പിക്കാന്‍ സി.പി.എം. കോണ്‍ഗ്രസ്, ബി.ജെ.പി ഇവരെല്ലാം മത്സരിച്ചു കൊണ്ടിരുന്നു.
എന്നാല്‍ ഒരു വിഭാഗത്തെ ഇവരെല്ലാം മറന്നു. പാവം മത്സ്യത്തൊഴിലാളികളെ . അവരുടെ പുനരധിവാസ പാക്കേജുകള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല. അവര്‍ എങ്ങിനെയെങ്കിലും ജീവിച്ചു കൊള്ളുമെന്ന് രാഷ്ട്രീയക്കാര്‍ കരുതി.
എന്നാല്‍ ഇപ്പോള്‍ കണക്ക് കൂട്ടലുകള്‍ തെറ്റിയിരിക്കുന്നു. അവര്‍ വൈരാഗ്യ ബുദ്ധിയോടെ സമര രംഗത്ത് ഇറങ്ങിയിരിക്കുന്നു. വിഴിഞ്ഞത്ത് കടലില്‍ കല്ലിട്ടപ്പോള്‍ വലിയതുറ ശംഖുമുഖം ഭാഗത്തെ തീരം മുഴുവന്‍ കടലെടുത്തു. അത് കടലിന്റെ സ്വഭാവമാണ്.
ഒരു വശത്ത് കടലിനെ ഒതുക്കാന്‍ ശ്രമിച്ചാല്‍ മറ്റൊരിടത്ത് അകത്തേക്ക് കയറും. തീരം ഇല്ലാതായതോടെ മത്സ്യത്തൊഴിലാളികളുടെ വീടുകളും കടലെടുത്തു. യാതൊരു ശാസ്ത്രീയ പഠനവും നടത്താതെയാണ് പദ്ധതി തുടങ്ങിയത്.
കടന്നല് കൂട്ടില്‍ നിന്ന് കടന്നലുകള്‍ ഇളകുമ്ബോലെ മത്സ്യത്തൊഴിലാളികള്‍ ഇളകിയപ്പോള്‍ സിംഹാസനങ്ങള്‍ വിറച്ചു. എല്ലാവരും നെട്ടോട്ടം തുടങ്ങി. അദാനിയോട് കാശ് വാങ്ങിച്ചിരിക്കുന്നതു കൊണ്ട് അവിടെയൊന്നും പറയാന്‍ പറ്റില്ല.
പുനരധിവാസ പാക്കേജ് നടപ്പാക്കാത്തതു കൊണ്ട് മത്സ്യത്തൊഴിലാളികളെ അഭിമുഖീകരിക്കുവാനും പറ്റില്ല. പണം വാങ്ങുമ്ബോള്‍ ഇങ്ങിനെയൊരു കുരുക്ക് ഉണ്ടാവുമെന്ന് ഭരണ പ്രതിപക്ഷ കക്ഷികള്‍ കരുതിയില്ലേ?
മത്സ്യത്തൊഴിലാളികള്‍ പറഞ്ഞാല്‍ പറയുന്നത് ചെയ്യുന്നവരാണ്. സര്‍ക്കാരിനെപ്പോലെയല്ല. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സെക്രട്ടറിയറ്റില്‍ കയറാന്‍ അവര്‍ സമ്മതിക്കില്ല.
രാഷ്ട്രീയം പറയാന്‍ ചെന്ന പ്രതിപക്ഷ നേതാവിനും പിന്‍വാങ്ങേണ്ടി വന്നില്ലേ ? ഇതേ മത്സ്യത്തൊഴിലാളികളാണ് ഐ.എസ്.ആര്.ഒ ക്ക് സ്ഥലം നല്‍കിയത്. അതുകൊണ്ട് ഇവരുടെ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ അദാനിയുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയ എല്ലാവരും നാടുവിടേണ്ടിവരും.

