അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണയായ വാസന്തിദേവി ആർ.കെ. നഗറിൽ ജയലളിതയ്ക്കെതിരെ മത്സരിക്കും. വിജയകാന്തിന്റെ നായകത്വത്തിലുള്ള ഡി.എം.ഡി.കെ.- ജനക്ഷേമ മുന്നണിയിൽ വി.സി.കെ.യുടെ സ്ഥാനാർഥിയാണ് വാസന്തിദേവി. മുൻ വനിതാ കമ്മിഷൻ അധ്യക്ഷയും മനോന്മണിയം സുന്ദരനാർ സർവകലാശാല മുൻ വൈസ്ചാൻസലറുമാണ് വാസന്തിദേവി. ഡി.എം.കെ.യോ മറ്റു പാർട്ടികളോ കരുത്തുറ്റ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിട്ടില്ലാത്തതിനാൽ വാസന്തി ദേവിയായിരിക്കും ജയലളിതയ്ക്കെതിരെയുള്ള മുഖ്യ എതിരാളി എന്നാണ് വിലയിരുത്തപ്പെടുന്നത്. പുതുമുഖമായ സിംല മുത്തുചോഴനാണ് ഡി.എം.കെ. സ്ഥാനാർഥി.
തിരുവാരൂരിൽ കരുണാനിധിക്കെതിരെയും ഒരു പാർട്ടിയും പ്രമുഖരായ ആരെയും രംഗത്തിറക്കിയിട്ടില്ല. എ.എൻ.ആർ. പനീർസെൽവമാണ് എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥി. വിജയകാന്തിന്റെ കാര്യത്തില്‍ ഇക്കുറി കുറച്ച് മങ്ങലേറ്റിരിക്കുകയാണ്. ഉളുന്തൂർപെട്ടിലാണ് ക്യാപ്റ്റൻ ഇത്തവണ നിൽക്കുന്നത്. എം.എൽ.എ. കുമാരഗുരുവിനെ തന്നെയാണ് എ.ഐ.എ.ഡി.എം.കെ. ഇറക്കിയിരിക്കുന്നത്. അരലക്ഷത്തോളം വോട്ടുകളുടെ വ്യത്യാസത്തിലാണ് കുമാരഗുരു കഴിഞ്ഞതവണ ജയിച്ചത്. പി.എം.കെ. സ്ഥാനാർഥി ബാലുവും വിജയകാന്തിന് ഭീഷണിയാവുമെന്നാണ് സൂചന. പി.എം.കെ.യുടെ വോട്ടുബാങ്കായ വണ്ണിയർമാർക്ക് നിർണായക സ്വാധീനമുള്ള ഈ മണ്ഡലത്തിൽ ബാലു വിജയകാന്തിനെ തളയ്ക്കുമെന്നാണ് രാമദാസ് പറയുന്നത്.

