മെക്സിക്കോ: സ്പുട്നിക് കൊറോണ വാക്സിനുമായി ബന്ധപ്പെട്ട് റഷ്യയുമായി കൂടുതല്‍ ചര്‍ച്ച നടത്തി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ച നാല്‍പതിനായിരത്തോളം പേര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കാന്‍ റഷ്യ ഒരുങ്ങുന്നതിനിടെയാണ് ഡബ്ല്യുഎച്ച്‌ഒ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞത്.
വാക്സിന് ലൈസന്‍സ് നല്‍കിയെന്നും ഉടന്‍ ജനങ്ങളിലേക്കെത്തിക്കുമെന്നും റഷ്യ പ്രഖ്യാപിച്ചപ്പോള്‍ അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സികള്‍ അനുശാസിക്കുന്ന ശാസ്ത്രീയ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പരീക്ഷണങ്ങള്‍ സ്പുട്നിക് പൂര്‍ത്തീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്നുള്ള വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് അടിയന്തരമായി നാല്‍പതിനായിരം പേര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് വ്യാഴാഴ്ച റഷ്യ പ്രഖ്യാപിച്ചത്. വാക്സിന്‍ വികസിപ്പിക്കുന്നതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും എല്ലാ വാക്സിനുകളും സമാന ക്ലിനിക്കല്‍ ട്രയലിന് വിധേയമാകണമെന്ന് ലോകാരോഗ്യ സംഘടനാ യൂറോപ്പ് ഡയറക്ടര്‍ ഡോ. ഹന്‍സ് ക്ളജ് പറഞ്ഞു. വാക്സിന്റെ ശരിയായ നില എന്തെന്നറിയാനാണ് റഷ്യയുമായി ചര്‍ച്ചയെന്നും അവര്‍ വ്യക്തമാക്കി.