മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് : അര്‍ഹരെ തിരിച്ചറിയാന്‍ തങ്ങളുടെ പക്കല്‍ സംവിധാനമില്ലെന്ന് തിരിച്ചടിച്ച്‌ യുഡിഎഫ് നേതാക്കള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയില്‍ നടന്ന തട്ടിപ്പില്‍ രാഷ്ട്രീയപ്പോര്. അപേക്ഷകളില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അടൂര്‍ പ്രകാശ് എംപിയും ഒപ്പിട്ടത് ചൂണ്ടിക്കാട്ടി സിപിഎം രംഗത്ത് വന്നതിന് മറുപടിയുമായി യുഡിഎഫ് നേതാക്കളും രംഗത്ത് വന്നു.

അര്‍ഹരെയും അനര്‍ഹരെയും തിരിച്ചറിയാന്‍ തങ്ങളുടെ പക്കല്‍ മാര്‍ഗ്ഗമില്ലെന്നും അത് ഫണ്ട് കൊടുക്കുമ്ബോള്‍ സര്‍ക്കാര്‍ നോക്കേണ്ട കാര്യമായിരുന്നെന്നും യുഡിഎഫ് നേതാക്കള്‍ തിരിച്ചടിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയില്‍ ആറ്റിങ്ങലെ 16 അപേക്ഷയില്‍ അടൂര്‍പ്രകാശ് ഒപ്പിട്ടിട്ടുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് പുതിയ ആയുധമാക്കി സിപിഎം എടുത്തിരിക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ മണ്ഡലത്തിലും പണം ചോര്‍ത്തിയതായി സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചു. ഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്നും എംപിമാരും എംഎല്‍എ മാരും ശുപാര്‍ശ ചെയ്തവര്‍ക്ക് പണം നല്‍കുമ്ബോള്‍ സര്‍ക്കാര്‍ പരിശോധന നടത്തേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ആറ്റിങ്ങലിലെ ഫണ്ട് വിതരണ കാര്യത്തില്‍ ഏജന്റ് കോണ്‍ഗ്രസുകാരനാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ജനപ്രതിനിധി എന്ന നിലയിലാണ് തങ്ങള്‍ ഒപ്പിട്ടു നല്‍കിയെന്നും നിരവധി ആളുകള്‍ തങ്ങളെ കാണാന്‍ വരാറുണ്ടെന്നും അവരില്‍ അര്‍ഹരാണ് അല്ലാത്തവരാരാണ് എന്നെല്ലൊം പരിശോധിക്കാനുള്ള സംവിധാനം തന്റെ പക്കല്‍ ഇല്ലെന്നാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം. ജനപ്രതിനിധി എന്ന നിലയില്‍ തനിക്കരികില്‍ എത്തുന്നവരുടെ ശുപാര്‍ശക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഒപ്പിട്ടു നല്‍കുന്നത്.

മുഖ്യമന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി എന്നിങ്ങനെ ശുപാര്‍ശകള്‍ നല്‍കാറുണ്ടെന്നും എന്നാല്‍ ഫണ്ട് നല്‍കുന്ന അവസരത്തില്‍ അവര്‍ അര്‍ഹതപ്പെട്ടവരാണോ എന്ന് നോക്കേണ്ടത് സര്‍ക്കാരാണെന്നും അടൂര്‍പ്രകാശ് പ്രതികരിച്ചു. അതേസമയം തട്ടിപ്പില്‍ പങ്കാളികളായ റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്യും. തുടരന്വേഷണത്തിന് റവന്യൂ ഓഡിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കി.

വലിയ വരുമാനമുളളവര്‍ക്കും വരുമാനം താഴ്ത്തിയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് തട്ടിപ്പിനായി നല്‍കിയത്. ഇങ്ങനെ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ താലൂക്ക്, കലക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാകും തുടരന്വേഷണം. ഒപ്പം സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍മാരെക്കുറിച്ചും വിശദമായ അന്വേഷണത്തില്‍ ക്രമക്കേട് തെളിഞ്ഞാല്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ശുപാര്‍ശ നല്‍കും. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലയിലാണ് ഇതേവരെ നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. നൂറിലധികം അപേക്ഷകളില്‍ പോലും ഒരേ ഏജന്റിന്റെ പേര് കണ്ടെത്തിയിട്ടുണ്ട്. ഒരു ഡോക്ടര്‍ തന്നെ നിരവധി പേര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.

prp

Leave a Reply

*