ട്രെയിന്‍ യാത്രയ്‌ക്കിടെ യുവതിയുടെ ഫോണ്‍ മോഷണം പോയി; അമേരിക്കയിലിരുന്ന് കള്ളനെ പിടിക്കാന്‍ സഹായിച്ച്‌ ഭര്‍ത്താവ്; സഹായിച്ച്‌ ഫോണ്‍ ആപ്പ്

കാസര്‍കോട്: ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി റെയില്‍വേ പോലീസ്.

മോഷണം പോയ ഫോണില്‍ ഉണ്ടായിരുന്ന ഫൈന്‍ഡ് മൈ ഫോണ്‍ എന്ന ആപ്പാണ് മണിക്കൂറുകള്‍ക്കകം മോഷ്ടാവിനെ വലയിലാക്കാന്‍ പോലീസിനെ സഹായിച്ചത്. തമിഴ്‌നാട് തൂത്തുക്കുടി തിരുനെല്‍വേലി ജെ.ജേക്കബ്(47) ആണ് അറസ്റ്റിലായത്.

എറണാകുളം സ്വദേശിനിയായ പൂര്‍ണ്ണശ്രീയുടെ ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്. എറണാകുളത്ത് നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രയ്‌ക്കിടെ കോഴിക്കോടിനും തലശ്ശേരിക്കും ഇടയില്‍ വച്ച്‌ രാവിലെ ആറ് മണിയോടെയായിരുന്നു മോഷണം. ബാഗില്‍ നിന്ന് കുഞ്ഞിന്റെ മാല, അരഞ്ഞാണം, ബ്രേസ്ലെറ്റ് എന്നിവയടക്കം മൂന്നര പവന്റെ സ്വര്‍ണവും പണവും മോഷ്ടിച്ച ശേഷം പഴ്‌സ് സീറ്റിനടിയില്‍ ഉപേക്ഷിച്ചു. ഉടനെ തന്നെ കൂടെ ഉണ്ടായിരുന്ന അച്ഛന്റെ ഫോണില്‍ നിന്ന് അമേരിക്കയിലുള്ള ഭര്‍ത്താവ് എം.പി.ഗിരീഷിനെ വിളിച്ച്‌ വിവരം അറിയിച്ചു.

ഗിരീഷിന്റെ ഫോണുമായി പൂര്‍ണ്ണശ്രീയുടെ ഫോണ്‍ ബന്ധിച്ചിരുന്നതിനാല്‍ ഫൈന്‍ഡ് മൈ ആപ്പ് വഴി ഫോണ്‍ ലൊക്കേഷന്‍ കൃത്യമായി മനസിലാക്കാനായി. ഫോണ്‍ അതേ ട്രെയിനില്‍ തന്നെ ഉണ്ടെന്ന് മനസിലായെങ്കിലും ആരുടെ കയ്യിലാണെന്നത് വ്യക്തമായിരുന്നില്ല. ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോള്‍ റെയില്‍വേ പോലീസിന് പരാതി നല്‍കി. തുടര്‍ന്ന് പയ്യന്നൂരില്‍ ഇറങ്ങിയ ശേഷവും ഫോണ്‍ ലൊക്കേഷന്‍ നിരീക്ഷിച്ച്‌ പോലീസിന് വിവരങ്ങള്‍ കൈമാറി. ഫോണ്‍ അപ്പോള്‍ മൊഗ്രാല്‍പുത്തൂര്‍ ഭാഗത്തേക്ക് നീങ്ങുന്നതായി മനസിലാക്കി.

ബസില്‍ ഇയാള്‍ യാത്ര തുടരുകയാണെന്ന വിവരം മനസിലാക്കിയ റെയില്‍വേ പോലീസ് കാസര്‍കോട് ട്രാഫിക് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് ബസ് തടഞ്ഞ് മോഷ്ടാവിനെ തൊണ്ടിമുതല്‍ സഹിതം പിടികൂടി. പതിനൊന്നരയോടെ പിടികൂടിയ പ്രതിയെ ഉച്ചയ്‌ക്ക് ശേഷം റെയില്‍വേ പോലീസിന് കൈമാറി.

prp

Leave a Reply

*