ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് അന്വേഷിക്കുന്ന കെ.പി.സി.സി സമിതി മുമ്ബാകെ പരാതികളും വീഴ്ചകളും ചൂണ്ടിക്കാട്ടി സ്ഥാനാര്‍ഥികളും നേതാക്കളും. വി.സി. കബീര്‍ ചെയര്‍മാനായ സമിതി മുമ്ബാകെ ഷാനിമോള്‍ ഉസ്മാന് (അരൂര്‍), എസ്. ശരത് (ചേര്‍ത്തല), കെ.എസ് മനോജ് (ആലപ്പുഴ), അരിത ബാബു (കായംകുളം) എന്നീ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പുറമേ കുട്ടനാട്ടില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് -ജോസഫ് വിഭാഗം ജില്ല പ്രസിഡന്റ് ജേക്കബ് എബ്രഹാമും ഹാജരായി. എല്‍.ഡി.എഫ് അനുകൂല രാഷ്ട്രീയ തരംഗത്തേക്കാള്‍ പ്രാദേശികമായ പോരായ്മകളും വോട്ടു ചോര്‍ച്ചയും ജില്ലയില്‍ ഉണ്ടായതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സ്ഥാനാര്‍ഥികള്‍ ബൂത്ത് തിരിച്ചുള്ള കണക്കുകള്‍ സമര്‍പ്പിച്ചാണ് വിവരങ്ങള്‍ കൈമാറിയത്. പരമ്ബരാഗതമായി ലഭിച്ചിരുന്ന തീരദേശ വോട്ടുകളും ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളും ലഭിക്കാതെ പോയതാണ് പല മണ്ഡലങ്ങളിലും തിരിച്ചടിയായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിെന്റ പോരായ്മകള്‍ വിലയിരുത്തി പരിഹാരം കാണാതിരുന്നതും പാര്‍ട്ടിയുടെ സമരങ്ങള്‍ കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര സ്വാധീനിക്കാന്‍ കഴിയാതെ പോയതും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ആലപ്പുഴ, അരൂര്‍ മണ്ഡലങ്ങളില്‍ ലത്തീന്‍ സമുദായവോട്ടില്‍ ചോര്‍ച്ചയുണ്ടായി. ജില്ലയില്‍ മുസ്ലിം ന്യൂനപക്ഷ വോട്ടിലും എല്‍.ഡി.എഫിലേക്ക് ചോര്‍ച്ചയുണ്ടായി. ആലപ്പുഴ, കായംകുളം, അമ്ബലമ്ബുഴ, അരൂര്‍ മണ്ഡലങ്ങളില്‍ ഇത് പ്രകടമായി. കുട്ടനാട്ടില്‍ ഇടത് സ്ഥാനാര്‍ഥിക്കെതിരെ തുടക്കത്തില്‍ പൊതുജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പില്ലായ്മ മുതലെടുക്കാനായില്ലെന്നും ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നെങ്കില്‍ വിജയസാധ്യതയേറെയാണെന്നും അഭിപ്രായം ഉയര്‍ന്നു. ചെങ്ങന്നൂരില്‍ യു.ഡി.എഫ് നേരിട്ടത് ചരിത്രത്തിലെ തന്നെ വന്‍ തിരിച്ചടിയാണ്. കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ടുകള്‍ പോലും ഇടതുസ്ഥാനാര്‍ഥിക്ക് പോകാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നു.

