‘എത്രയും പെട്ടന്ന് ടിക് ടോക് ഫോണുകളില്‍ നിന്ന് ഒഴിവാക്കണം’; ജീവനക്കാരോട് യൂറോപ്യന്‍ യൂണിയന്‍ കമീഷന്‍

ചൈനീസ് ഷോര്‍ട്ട് വിഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക് സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ജീവനക്കാരോട് നിര്‍ദേശിച്ച്‌ യൂറോപ്യന്‍ യൂണിയന്‍ കമീഷന്‍.

സൈബര്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും വലിയ രണ്ട് നയരൂപീകരണ സ്ഥാപനങ്ങള്‍ പുതിയ തീരുമാനവുമായി എത്തിയിരിക്കുന്നത്. കോര്‍പറേറ്റ് ഫോണുകളില്‍ നിന്നും പ്രൊഫഷണല്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന വ്യക്തിഗത ഉപകരണങ്ങളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം.

“സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്, കമീഷന്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ബോര്‍ഡ് അതിന്റെ കോര്‍പ്പറേറ്റ് ഉപകരണങ്ങളിലും കമീഷന്‍ മൊബൈല്‍ ഡിവൈസ് സര്‍വീസില്‍ എന്‍റോള്‍ ചെയ്‌തിരിക്കുന്ന വ്യക്തിഗത ഉപകരണങ്ങളിലും ടിക് ടോക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചു,” -യൂറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, ടിക് ടോക്ക് ഉള്‍പ്പെട്ട ഡാറ്റ ലീക് പോലുള്ള ഏതെങ്കിലും സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും യൂറോപ്യന്‍ യൂണിയന്‍ കമീഷന്‍ പുറത്തുവിട്ടിട്ടില്ല.

തീരുമാനത്തെ എതിര്‍ത്ത് ടിക് ടോക് അധികൃതര്‍ രംഗത്തുവന്നിട്ടുണ്ട്. തെറ്റിദ്ധാരണകളുടെ പുറത്താണ് കമീഷന്റെ നടപടിയെന്നും ഇത് തീര്‍ത്തും നിരാശാജനകമായ തീരുമാനമാണെന്നും അവര്‍ അറിയിച്ചു.

കഴിഞ്ഞ നവംബറില്‍ ചൈനയിലെ തങ്ങളുടെ സ്റ്റാഫിന് യൂറോപ്യന്‍ ഉപയോക്താക്കളുടെ ഡാറ്റ ആക്‌സസ് ചെയ്യാന്‍ കഴിയുമെന്ന് ടിക് ടോക് സമ്മതിച്ചിരുന്നു. എന്നാല്‍, ആപ്പോ, അതിന്റെ ഡാറ്റയോ നിയന്ത്രിക്കുന്നതില്‍ ചൈനീസ് സര്‍ക്കാരിന്റെ പങ്കാളിത്തം അവര്‍ നിഷേധിച്ചു.

അതേസമയം, യൂറോപ്യന്‍ ഉപയോക്താക്കളുടെ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാന്‍ ടിക്‌ടോക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഷൗ സി ച്യൂവിന് മുന്നറിയിപ്പ് നല്‍കിയതിന് ഒരു മാസത്തിന് ശേഷമാണ് ഇ.യു പുതിയ തീരുമാനവുമായി എത്തുന്നത്.

prp

Leave a Reply

*