തിരുവനന്തപുരം: ക്ലാസില്‍ ശ്രദ്ധിക്കാത്തതിന്റെ പേരില്‍ അധ്യാപിക എറിഞ്ഞ പേന ഇടതുകണ്ണിലെ കൃഷ്ണമണിയില്‍ തറച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ അധ്യാപികക്ക് കഠിന തടവ് ലഭിച്ചെങ്കിലും ഈ ശിക്ഷ എങ്ങനെ പകരമാകുമെന്ന് അല്‍ അമീന് ചോദിക്കുന്നു. 16 വര്‍ഷം മുന്‍പുണ്ടായ സംഭവത്തില്‍ തിരുവനന്തപുരം പോക്സോ കോടതി മലയിന്‍കീഴ് കണ്ടല ഗവ. സ്കൂളിലെ മുന്‍ അധ്യാപിക തൂങ്ങാംപാറ സ്വദേശിനി ഷെരീഫ ഷാജഹാനെ ഒരു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നു മാസം അധിക തടവും അനുഭവിക്കണം. മൂന്നു ലക്ഷം രൂപ പിഴയും ജഡ്ജി കെ.വി.രജനീഷ് വിധിച്ചു.
‘നഷ്ടപ്പെട്ടതു നഷ്ടപ്പെട്ടു. കോടതി വിധിയില്‍ ആഹ്ലാദിക്കുന്നില്ല. ആശ്വാസമുണ്ട്. കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ട എന്റെ ഇടതുകണ്ണിന്, മറ്റൊരാള്‍ക്കു നല്കുന്ന ശിക്ഷ എങ്ങനെ പകരമാകും…? എന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. 24 വയസ്സായി. ലൈസന്‍സും പാസ്പോര്‍ട്ടും എടുക്കാനായി അധികൃതരെ സമീപിച്ചപ്പോള്‍ തിരിച്ചയച്ചു. കൂലിപ്പണിക്കു പോലും ആരും വിളിക്കുന്നില്ല…കണ്ണുള്ളവരെങ്കിലും ഇതു കാണണം..എനിക്കും ജീവിക്കണ്ടേ…പൊലീസില്‍ ചേരണമെന്നായിരുന്നു സ്വപ്നം…’- മാറനല്ലൂര്‍ കണ്ടല ചിറയ്ക്കോട് പുത്തന്‍വീട്ടില്‍ എസ്.അല്‍ അമീന്റെ പറയുന്നു.
കൂലിപ്പണിക്കാരനായ പി.സയ്യദ് അലി-എ.സുമയ്യ ബീവി ദമ്ബതികളുടെ മൂത്ത മകനാണ് അല്‍ അമീന്. ബികോം വിദ്യാര്‍ഥി അഫ്സല് സഹോദരനാണ്. അല്‍ അമീന്റെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് മലയിന്‍കീഴ് പൊലീസ് അധ്യാപികയ്ക്കെതിരെ അന്നു കേസെടുത്തിരുന്നു. ആറു മാസത്തേക്ക് സസ്പെന്‍ഡു ചെയ്തെങ്കിലും ഒരു മാസം കഴിഞ്ഞ് അധ്യാപിക സര്‍വീസില്‍ തിരികെ പ്രവേശിച്ചു. പിന്നീട് നെയ്യാറ്റിന്‍കരയിലെ സ്കൂളിലേക്കു മാറിയ ഇവര്‍ 4 വര്‍ഷം മുന്‍പു വിരമിച്ചു. ചികിത്സ കഴിഞ്ഞ് 4 മാസത്തിനു ശേഷം ഇതേ സ്കൂളില്‍ തിരിച്ചെത്തിയ അല്‍ അമീന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി.

