ഗൂഡല്ലൂര്‍: മസിനഗുഡിക്കടുത്ത് കടുവ വീണ്ടും ഒരാളെ കൊന്നു. മസിനഗുഡിക്ക് സമീപമുള്ള കുറുമര്‍ കോളനിയിലെ മങ്കളബസുവന്‍ (65) ആണ് കൊല്ലപെട്ടത്.
വെള്ളിയാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് സംഭവം. പശുക്കളെ മേയ്ക്കുന്ന സ്ഥലത്തു വെച്ചാണ് കടുവയുടെ ആക്രമണം. ശരീരത്തിന്‍റെ അരക്ക് മുകളില്‍ എല്ലാം ഭക്ഷിച്ച നിലയിലാണ്. ജനങ്ങളുടെ ഒച്ചകേട്ടപ്പോള്‍ ഒരു കൈ കടിച്ച് കൊണ്ട് കടുവ ഓടിരക്ഷപ്പെട്ടുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
ആദിവാസി വിഭാഗത്തില്‍ പെട്ട ആളാണ് മങ്കളബസുവന്‍. ഇവിടെ രണ്ടു മാസത്തിനിടെ ഗൗരിയെന്ന ആദിവാസി സ്ത്രീയേയും കൊന്നിരുന്നു. വീടിനു സമീപത്തെ കാട്ടില്‍ വിറക് പെറുക്കാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണത്തിനിരയായത്. ശേഷമാണ് മുതുമലക്കടത്തു കുഞ്ഞികൃഷ്ണനെ കാലികളെ മേയ്ക്കുന്നതിനിടെ പിടികൂടിയത്. പരിസരത്തുള്ളവര്‍ ഒച്ചവെച്ചതോടെ കടുവ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ശ്രീമധുര, ദേവന്‍, മേഫീല്‍ഡ് ഭാഗങ്ങളില്‍ കന്നുകാലികളെ കൊന്നു ഭീതിപരത്തുകയായിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ 24ന് കന്നുകാലി നോക്കുന്നതിനിടയിലാണ് ദേവന്‍ ഭാഗത്ത് ചന്ദ്രന്‍ എന്ന തൊഴിലാളിയെ കടുവ കൊന്നത്. ജനരോഷം ഇളകിയതോടെ കടുവയെ പിടികൂടി മൃഗശാലയില്‍ എത്തിക്കാനുള്ള നടപടിയുടെ ഭാഗമായി തിരച്ചില്‍ നടത്തി വരുകയാണ്. മേഫീല്‍ഡ്‌ഭാഗത്തേക്ക് മാറിയ കടുവയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. വ്യാഴാഴ്ച മസിനഗുഡി ഭാഗത്ത് കടുവയുടെ സഞ്ചാരം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത്ര പെട്ടെന്ന് മറ്റൊരാളെകൂടി പിടികൂടുമെന്ന് ആരും കരുതിയിരുന്നില്ല. മസിനഗുഡിഭാഗത്ത് കടുവയുടെ സഞ്ചാരം കണ്ടെത്തിയപ്പോള്‍ ജാഗ്രതാ മുന്നറിയിപ്പു നല്‍കുന്നതില്‍ വനപാലകരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ട്.
വനത്തില്‍ കയറാതെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഇറങ്ങിയ കടുവക്ക് വനപാലകര്‍ ഇരുപത്തിമൂന്നാം നമ്ബര്‍ കടുവ എന്ന് രേഖപ്പെടുത്തിയിരുന്നു. ഈ നരഭോജി കടുവ തന്നെയാണ് ഇപ്പോള്‍ മസിനഗുഡില്‍ മങ്കളബസുവനെ കൊന്നതെന്നാണ് ജനങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നത്. നാലുപേരെ കൊന്നും നിരവധി കന്നുകാലികളെ ഇരയാക്കി വരുന്നസ്ഥിതിയില്‍ വെടിവെച്ച് കൊല്ലണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. മങ്കളബസുവന്‍ കൊല്ലപെട്ടതോടെ മസിനഗുഡിയില്‍ പ്രതിഷേധം നടത്തി. മസിനഗുഡി വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു. പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുകയും ചെയ്തു.
GDR BODY: മസിനഗുഡിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മങ്കള ബസുവസുവന്‍റെ ശരീരം പാതിഭക്ഷിച്ച നിലയില്‍

