വെല്ലൂര്‍ : തമിഴ്നാട്ടിലെ വെല്ലൂരിനടുത്തുള്ള ആരക്കോണത്ത് നാല് വിദ്യാർഥിനികൾ കൂട്ട ആത്മഹത്യ ചെയ്തത് മാർക്ക് കുറഞ്ഞതിനല്ലെന്ന് സഹപാഠികൾ. നന്നായി പരീക്ഷ എഴുതിയിട്ടും മാർക്ക് നൽകാത്തത് ചോദ്യം ചെയ്തതിന് ജാതിപ്പേര് വിളിച്ച് അപമാനിയ്ക്കുകയാണ് പ്രിൻസിപ്പാളുൾപ്പടെയുള്ള അദ്ധ്യാപകർ ചെയ്തതെന്ന് മരിച്ച പെൺകുട്ടികളുടെ സഹവിദ്യാർഥിനികൾ പറഞ്ഞു.
എന്നാല്‍ മാര്‍ക്ക് കുറഞ്ഞുപോയതിനെ തുടര്‍ന്ന് മാതാപിതാക്കളെ വിളിച്ചുകൊണ്ടു വരാന്‍ ആവശ്യപ്പെട്ടതാണ് കുട്ടികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായി പറഞ്ഞിരുന്നത്. പത്താംക്ലാസ്സിൽ തൊണ്ണൂറ് ശതമാനത്തോളം മാർക്ക് വാങ്ങിയിരുന്നു മരണപ്പെട്ട നാല് വിദ്യാര്‍ത്ഥിനികളും. ഇതില്‍ ശങ്കരി എന്ന കുട്ടി വീട്ടിലെ ചുവര് മുഴുവൻ എംബിബിഎസ് എന്ന സ്വപ്നം വരച്ചുവെച്ചിരുന്നു.
നഗരത്തില്‍ കൂലിപ്പണിയെടുക്കുന്ന മാതാപിതാക്കള്‍ക്കൊപ്പം അവിടെ ചെന്ന് പഠിക്കാന്‍ പണമില്ലാത്തതിനാല്‍ നാട്ടില്‍ മുത്തശ്ശിക്കൊപ്പം കഴിഞ്ഞായിരുന്നു ശങ്കരി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇവിടെ നിന്നും ആദ്യമായി ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച പട്ടികജാതി വിഭാഗത്തില്‍ പെട്ട കുട്ടിയായിരുന്നു മനീഷ.
കൂട്ടികളെ ശാരീരികമായും മാനസീകമായും അദ്ധ്യാപകര്‍ പീഡിപ്പിച്ചിരുന്നു. ഉത്തരം എഴുതിയാലും തെറ്റാണെന്ന് പറഞ്ഞ് ഇവരെ നാലു മണിക്കൂര്‍ വെയിലത്ത് നിര്‍ത്തിയിരുന്നു. ചിലപ്പോള്‍ റൗഡികളെന്ന് വിളിച്ച് ആക്ഷേപിക്കുമായിരുന്നെന്നും സഹപാഠികളില്‍ ചിലര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം കേസില്‍ ഇതുവരെ അധ്യാപകര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പ്രിൻസിപ്പാൾ തയ്യാറായിട്ടില്ല.

