സ്‌കൂളുകള്‍ തുറക്കാനുളള നീക്കത്തില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പിന്മാറി..!

ചെന്നൈ: കൊറോണ വൈറസിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാലത്ത് താഴ് വീണ സ്‌കൂളുകള്‍ തുറക്കാനുളള നീക്കത്തില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പിന്മാറി. മാര്‍ച്ച്‌ പകുതിയോടെ അടച്ച സ്‌കൂളുകള്‍ നവംബര്‍ 16ന് തുറക്കാനുളള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. ഒമ്ബത് മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകള്‍ ആദ്യഘട്ടത്തില്‍ തുറക്കുമെന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആദ്യം അറിയിക്കുകയുണ്ടായത്.

സ്‌കൂളുകള്‍ തുറക്കണമോ എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്കായി തമിഴ്‌നാട്ടില്‍ ഉടനീളം അഭിപ്രായ രേഖപ്പെടുത്തല്‍ സര്‍വേകള്‍ നടത്തിയിരുന്നതാണ്. 45 ശതമാനം രക്ഷിതാക്കള്‍ മാത്രമാണ് സര്‍വേയില്‍ പങ്കുചേര്‍ന്നിരുന്നത്. പങ്കെടുത്തവരില്‍ അമ്ബത് ശതമാനത്തില്‍ അധികം രക്ഷിതാക്കളും സ്‌കൂള്‍ തുറക്കരുതെന്നാണ് അഭിപ്രായപ്പെട്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. രക്ഷിതാക്കള്‍ എതിര്‍ത്ത പശ്ചാത്തലത്തില്‍ സ്‌കൂളുകളും കോളജുകളും പൊങ്കല്‍ അവധിക്കു ശേഷമേ തുറക്കൂ എന്നാണ് പുതിയ വാര്‍ത്ത. 9 മുതല്‍ 12 വരെയുളള ക്ലാസുകളിലെ പാഠ്യപദ്ധതി ചുരുക്കാന്‍ കമ്മിറ്റിയെ നിയമിച്ചെങ്കിലും വെട്ടിക്കുറച്ച പാഠ്യപദ്ധതി ഇതുവരെയും പുറത്തിറക്കിയിട്ടില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിസംബറിന് ശേഷം തുറന്നാല്‍ മതിയെന്നത് പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. ഈ മാസം 16ന് സ്‌കൂള്‍ തുറക്കാനുളള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്‌തുളള പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്ബോഴായിരുന്നു കോടതി സര്‍ക്കാരിന് മുന്നില്‍ ഇത്തരമൊരു ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അടക്കമുളളവര്‍ക്ക് രോഗം ബാധിച്ചിരിക്കുകയാണെന്നും സ്‌കൂള്‍ തുറക്കുന്നത് നീട്ടുന്നതാണ് ഉചിതമെന്നുമായിരുന്നു കോടതി നിരീക്ഷണം.

കൊറോണ വൈറസ് നിയന്ത്രണത്തിലാകാതെ സ്‌കൂള്‍ തുറന്നാല്‍ രണ്ടാം വ്യാപനത്തിന് ഇടയാക്കുമെന്നായിരുന്നു ഹര്‍ജി നല്‍കിയവര്‍ കോടതിയെ അറിയിക്കുകയുണ്ടായി. ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളും, വിവിധ ജില്ലകളില്‍ നിന്നുളളവരും തമിഴ്‌നാട്ടിലെ കോളജുകളില്‍ പഠിക്കുന്നുണ്ട്. രോഗം പടര്‍ന്നാല്‍ സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലേക്കും രോഗം വ്യാപിക്കുന്നതാണ്. കൊറോണ വൈറസ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ആശങ്കയുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

prp

Leave a Reply

*