ചൈനയിലിരുന്ന് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഉള്‍ഫയുടെ പരമോന്നത നേതാവ് പരേഷ് ബറുവ ഒരു പക്ഷേ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. തന്റെ ഏറ്റവും അടുത്ത അനുയായിയും സംഘടനയുടെ ഡെപ്യൂട്ടി കമാന്‍ഡറുമായ ദൃഷ്ടി രാജ്ഖോവ എന്ന മേജര്‍ റാഭ ഇന്ത്യന്‍ സൈന്യത്തിനു പിടികൊടുത്തതിന്റെ ഞെട്ടലിലാണ് ഇപ്പോഴും പരേഷ് ബറുവ. ഉള്‍ഫയുടെ എല്ലാ രഹസ്യങ്ങളുമറിയുന്ന രാജ്ഖോവ കൂടെയുണ്ടെങ്കില്‍ ഇന്ത്യന്‍ സൈന്യത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും ബറുവയ്ക്കറിയാം.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍ഫ നടത്തിയ ആക്രമണങ്ങളുടെ പ്രധാന സൂത്രധാരനായിരുന്നു രാജ്ഖോവ. പ്രദേശത്തെ വിഘടനവാദ സംഘടനകള്‍ക്ക് ആയുധം വിതരണം ചെയ്യുന്ന നേതാവ്. ബംഗ്ലാദേശിലും മറ്റുമായി നിരന്തരം യാത്ര നടത്തി ആയുധം എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഇയാള്‍ വഹിച്ചിട്ടുള്ളത്. സൈന്യവുമായുണ്ടായ നിരവധി ഏറ്റുമുട്ടലുകളില്‍ അത്ഭുതകരമായി രക്ഷപ്പെടാനും ഇയാള്‍ക്ക് സാധിച്ചിരുന്നു.

