‘അന്ന് എന്‍റെ കൂടെ അഭിനയിച്ച നടന് കിട്ടിയത് 1 കോടി രൂപ, എനിക്ക് മൂന്ന് ലക്ഷവും, അതും മുഴുവനായി ലഭിച്ചില്ല: സൂര്യ

ചെന്നൈ: വേല്‍ ടെക് രംഗരാജന്‍ യൂണിവേഴ്‌സിറ്റിയില്‍ സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ സൂര്യയ്ക്ക് ലഭിച്ചത് വന്‍ വരവേല്‍പ്പായിരുന്നു. തങ്ങളുടെ ഇഷ്ടതാരത്തിനായി വലിയൊരു കട്ടൗട്ട് ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത്.വിദ്യാര്‍ഥികളോടായി സൂര്യ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ഇംഗ്ലീഷില്‍ പ്രസംഗം ആരംഭിച്ച താരം കുട്ടികള്‍ക്കായി അര്‍ഥവത്തായ കാര്യങ്ങളാണ് പറഞ്ഞുകൊടുത്തത്. സപ്ലി എഴുതി ബികോം പൂര്‍ത്തിയാക്കിയ താന്‍ ഇവിടെ എത്തിയത് എങ്ങനെയെന്ന് മനോഹരമായൊരു പ്രസംഗത്തിലൂടെ സൂര്യ പറയുന്നു. കയ്യടികളോടെയാണ് സൂര്യയുടെ പ്രസംഗം വിദ്യാര്‍ഥികള്‍ ഏറ്റെടുത്തത്. ബികോം പഠിച്ചു, അതും സപ്ലി എഴുതി. അങ്ങനെയുള്ള ഞാന്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ നിങ്ങള്‍ക്ക് ഉപദേശം നല്‍കുകയാണെന്ന് വിചാരിക്കരുത്. ജീവിതത്തില്‍ ഞാന്‍ പഠിച്ച ചില പാഠങ്ങള്‍, അനുഭവങ്ങള്‍ നിങ്ങളോട് പങ്കുവെയ്ക്കാം എന്ന മുഖവരയോടെയായിരുന്നു കൂടിയായിരുന്നു സൂര്യയുടെ പ്രസംഗം.

”1995-ല്‍ ബികോം പൂര്‍ത്തിയാക്കുമ്പോള്‍, ശരവണനായിരുന്ന ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്നിലുള്ള സൂര്യയായി മാറുമെന്ന് ചിന്തിച്ചിട്ടു പോലുമില്ല. നടനാകണമെന്ന് വിചാരിച്ചല്ല സിനിമയില്‍ എത്തിയത്. ഒരാഴ്ചയ്ക്ക് മുമ്പാണ് അഭിനയിക്കണം എന്ന തീരുമാനമെടുക്കുന്നത്. പിന്നീട് ഞാന്‍ എന്നില്‍ തന്നെ വിശ്വസിച്ചു. എന്നെ തന്നെ മാതൃകയാക്കി സ്വയം പ്രതീക്ഷ നല്‍കി മുന്നോട്ട് പോയി. അങ്ങനെ ജീവിതം തന്നെ മാറി. ജീവിതത്തില്‍ വിശ്വസിക്കൂ. എപ്പോഴും എന്തെങ്കിലുമൊക്കെ സര്‍പ്രൈസുകള്‍ ജീവിതം തന്നുകൊണ്ടിരിക്കും. പക്ഷേ അത് പ്രവചിക്കാന്‍ കഴിയില്ല. എന്തും സംഭവിക്കാം. ജീവിതം ആഘോഷമാക്കി സന്തോഷത്തോടെ മുന്നോട്ട് പോകണം”- സൂര്യ പറഞ്ഞു.

”നിങ്ങള്‍ ആവശ്യപ്പെടുന്ന കാര്യം ചിലപ്പോള്‍ സംഭവിച്ചുകൊള്ളണമെന്നില്ല, എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് തീര്‍ച്ചയായും സംഭവിച്ചിരിക്കും. എന്‍റെ കാര്യത്തില്‍ അത് സംഭവിച്ചിട്ടുണ്ട്. മൂന്നുകാര്യങ്ങള്‍ ജീവിതത്തില്‍ നിര്‍ബന്ധമായും വേണം. ഒന്നാമത്തേത് സത്യസന്ധത. എന്ത് കാര്യത്തിലും സത്യസന്ധത ഉണ്ടായിരിക്കണം, അത് പഠനത്തിലായാലും പ്രണയ ബന്ധങ്ങളിലായാലും. രണ്ടാമത്തെ കാര്യം പോസിറ്റീവ് ആയി ചിന്തിക്കാനുളള കഴിവ്. മൂന്നാമത്തേത് ജീവിത ലക്ഷ്യം.

ആദ്യമായി ഒരു നൂറുരൂപ സമ്പാദിച്ചത് എങ്ങനെയെന്ന് ഓര്‍മയില്ല. ആദ്യകാലത്ത് എന്‍റെ കൂടെ അഭിനയിച്ച കോ ആക്ടറിന് (സഹതാരം) നിര്‍മാതാവ് കൊടുത്തത് ഒരു കോടിയുടെ ചെക്കാണ്. എന്‍റെ കണ്‍മുന്നില്‍വെച്ചാണ് ആ ചെക്ക് നല്‍കിയത്. എനിക്ക് ലഭിച്ചത് 3 ലക്ഷം. അതും മുഴുവനായി ലഭിച്ചില്ല. എന്നാല്‍ ആ നിര്‍മാതാവ് അദ്ദേഹത്തിന്‍റെ കൈയാല്‍ ഒരുകോടി രൂപ പ്രതിഫലം ഒരിക്കല്‍ എനിക്കും നല്‍കണമെന്ന് വെറുതെ പറഞ്ഞിരുന്നു.

പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ നിര്‍മാതാവ് ഒരുകോടിയുടെ ചെക്ക് എനിക്ക് പ്രതിഫലമായി നല്‍കി. ഞാന്‍ ബികോം സപ്ലി എഴുതി പാസ് ആയ ആളാണ്. ഒരു നടന്‍റെ മകനായതിനാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് വിചാരിക്കരുത്. നമ്മുടെ മനസ്സിന്‍റെ ഉള്ളിലാണ് ലക്ഷ്യ ബോധം വളരേണ്ടത്. അങ്ങനെയെങ്കില്‍ അത് തീര്‍ച്ചയായും സംഭവിച്ചിരിക്കും.

കാര്‍ത്തിയുടെ അരങ്ങേറ്റ ചിത്രത്തിന്‍റെ ലോഞ്ച് പരിപാടിയില്‍ രജനി സാര്‍ പറഞ്ഞൊരു കാര്യമുണ്ട്. ‘ജീവിതത്തില്‍ എല്ലാവര്‍ക്കും രക്ഷപ്പെടാന്‍ ഒരവസരം ലഭിക്കും. ആ നിമിഷം തന്നെ അത് ഉപയോഗിക്കുക. അതില്‍ രണ്ടാമതൊന്ന് ചിന്തിച്ചാല്‍ പിന്നീട് ആ അവസരം വീണ്ടും വന്നുകൊള്ളണമെന്നില്ല.’

തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ പഠിക്കുക. അത് മനസ്സിരുത്തി ചിന്തിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉത്തരം ലഭിക്കും.’’-സൂര്യ പറഞ്ഞു. സൂര്യയുടെ നേതൃത്വത്തിലുള്ള അഗരം ഫൗണ്ടേഷനിലെ നൂറ് കുട്ടികള്‍ ഈ കോളെജില്‍ പഠിക്കുന്നുണ്ട്. അവരുടെ പഠനചെലവും ഹോസ്റ്റല്‍ ചെലവുമെല്ലാം സൗജന്യമായാണ് കോളെജ് വഹിക്കുന്നത്.

prp

Related posts

Leave a Reply

*