തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്‍റെ കുടുംബത്തിന് സുരേഷ് ഗോപി എം. പി മൂന്ന് ലക്ഷത്തിന്‍റെ ചെക്ക് കൈമാറി. വീട് പണയം വച്ച് വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാനാണ് സുരേഷ് ഗോപിയുടെ സഹായം. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സിപിഎമ്മിന്‍റെ നിലപാട് അപലപനീയമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
സനലിന്‍റെ കുടുംബം സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 18-ാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി സുരേഷ് ഗോപി സനലിന്‍റെ കുടുംബത്തെ കണ്ടിരുന്നു. സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കുടുംബം. സനലിന്‍റെ ഭാര്യ വിജിയും കുടുംബവും ഇന്ന് പട്ടിണി സമരം നടത്തും. ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണ് പട്ടിണി സമരം. നിലവില്‍ 35 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് സനലിന്റെ കുടുംബം അവകാശപ്പെടുന്നത്.
ഇതില്‍ മുഴുവനും അടച്ച് തീര്‍ക്കാന്‍ കഴിയില്ലെങ്കിലും വനിതാ കോര്‍പ്പറേഷനില്‍ നിന്നും വീട് പണയപ്പെടുത്തി എടുത്ത മൂന്ന് ലക്ഷം രൂപ തിരിച്ചടയ്‌ക്കാന്‍ സഹായിക്കാമെന്ന് സുരേഷ് ഗോപി വാഗ്‌ദ്ധാനം നല്‍കിയിരുന്നു. വിജിയുടെ കുടുംബത്തിന് തന്നാല്‍ കഴിയുന്ന ചെറിയൊരു കൈത്താങ്ങ് മാത്രമാണ് നല്‍കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
വനിതാ കോര്‍പ്പറേഷനില്‍ നിന്നും എടുത്ത വായ്‌പയില്‍ ജപ്‌തി നടപടികള്‍ ഒഴിവാക്കുന്ന നടപടികള്‍ നാളെത്തന്നെ സ്വീകരിക്കുമെന്നും എന്നാല്‍, കോര്‍പ്പറേഷന്‍ പലിശ ഒഴിവാക്കിത്തരണമെന്നും എം.പി പറഞ്ഞിരുന്നു. സനലിന്‍റെ കുടുംബം ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സമരം ഉപാധികളോടെ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത് അപഹാസ്യമാണ്. സമരം അവസാനിപ്പിക്കാന്‍ ഇന്ന് തന്നെ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

