തട്ടുകടയില്‍ അക്രമം; പിന്നാലെ എസ്‌ഐയെ വാഹനം ഇടിപ്പിച്ച്‌ രക്ഷപെടാന്‍ ശ്രമം; ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കോട്ടയം:തട്ടുകടയില്‍ അതിക്രമം നടത്തിയതിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അക്രമം തടയാന്‍ ശ്രമിച്ച പോലീസ് വാഹനത്തില്‍ ഇവരുടെ വാഹനം ഇടിപ്പിക്കുകയും, എസ്‌ഐയെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം വെമണി സ്വദേശി റെനീഷ് രാജന്‍(29), സുഹൃത്തുക്കളായ സേതു(39), അനില്‍കുമാര്‍(45) എന്നിവരാണ് അറസ്റ്റിലായത്. ചിങ്ങവനം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ചങ്ങനാശേരി കണ്‍ട്രോള്‍ റൂം എസ്‌ഐ പി.മാത്യുവിനാണ് പരിക്കേറ്റത്. 16ാം തിയതി രാത്രി എട്ടരയോടെയാണ് സംഭവം. കോട്ടയം നഗരത്തില്‍ തട്ടുകടയില്‍ അക്രമം നടത്തി ഉടമയെ മര്‍ദ്ദിച്ച സംഘം കാറില്‍ ചങ്ങനാശേരി ഭാഗത്തേക്ക് രക്ഷപെടുകയായിരുന്നു. വിവരം ലഭിച്ചതോടെ എസ്‌ഐ ചിങ്ങവനത്തിന് സമീപം അക്രമികളുടെ കാറിന് കുറുകെ വിലങ്ങനെ ജീപ്പിട്ട് തടയാന്‍ ശ്രമിച്ചു. എന്നാല്‍ കാറില്‍ വാഹനം ഇടിപ്പിച്ച ശേഷം അക്രമികള്‍ മുന്നോട്ട് പോവുകയായിരുന്നു. എസ്‌ഐയുടെ നെറ്റിക്കും മൂക്കിനുമാണ് പരിക്കേറ്റത്.

തുടര്‍ന്ന് ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ കാറിനെ പിന്തുടര്‍ന്ന് ചങ്ങനാശേരി എസ്ബി കോളേജിന് സമീപത്ത് വച്ച്‌ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടുകടയില്‍ അക്രമം നടത്തിയതിനും ഉടമയെ മര്‍ദ്ദിച്ചതിനും കോട്ടയം വെസ്റ്റ് പോലീസും പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

prp

Leave a Reply

*