കൊച്ചി: ആലുവ ഡിപ്പോയില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചു. ഡിപ്പോയില്‍ നിന്ന് കടത്തിയെങ്കിലും മണിക്കൂറുകള്‍ക്കകം ബസ് പൊലീസ് കണ്ടെത്തി.
മഞ്ചേരി സ്വദേശിയായ ഹരീഷ് കുമാര്‍ എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഡിപ്പോയിലെ വര്‍ക് ഷോപ്പിന് മുന്നിലായിരുന്നു ബസ് കിടന്നിരുന്നത്. ഉച്ചക്ക് കോഴിക്കോട്ടേക്ക് സര്‍വിസ് നടത്താനുള്ള ബസായിരുന്നു. മെക്കാനിക്കിന്‍റെ വേഷത്തിലാണ് പ്രതി ഡിപ്പോയിലെത്തിയത്. ഇയാള്‍ പരിസരം നിരീക്ഷിക്കുന്നതും ബസ് സ്റ്റാര്‍ട്ട് ചെയ്തെടുത്ത് കടത്തിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ട്രയല്‍ റണ്ണിനായി ബസ് എടുക്കുകയാണെന്നായിരുന്നു മറ്റുള്ളവര്‍ കരുതിയത്. എന്നാല്‍, ബസ് അതിവേഗം ഓടിച്ച് എറണാകുളം ഭാഗത്തേക്ക് പോയതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു.
കലൂര്‍ ഭാഗത്തുനിന്നാണ് പിന്നീട് ബസ് കണ്ടെത്തിയത്. പ്രതിയെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതിവേഗം വരുന്ന വഴിയില്‍ ബസ് നിരവധി വാഹനങ്ങളില്‍ തട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

