ന്യൂഡല്‍ഹി: രാജ്യത്തെ അതിവേഗ ട്രെയിനുകളാണെങ്കിലും ശതാബ്ദി എക്സ്പ്രസുകളോട് യാത്രക്കാര്‍ക്ക് അത്ര മമതയില്ല. അമിത ടിക്കറ്റ് നിരക്കാണ് കാരണം. കാലിയായി ഒാടുന്നതിനേക്കാള് നിരക്ക് കുറച്ച് പരമാവധി യാത്രക്കാരെ ആകര്‍ഷിക്കുന്നതാവും ഉത്തമമെന്ന് റെയില്‍വേ തിരിച്ചറിഞ്ഞത് അടുത്തിടെയാണ്.
രണ്ട് ട്രെയിനുകളില്‍ ഇൗ തന്ത്രം പരീക്ഷിച്ചപ്പോള്‍ വിജയകരമായിരുന്നു ഫലം. ഇതോടെ നിരക്ക് കുറക്കല്‍ 25 ശതാബ്ദി ട്രെയിനുകളില്‍കൂടി നടപ്പാക്കാനുള്ള ആലോചനയിലാണ് റെയില്‍വേ. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 45 ശതാബ്ദി എക്സ്പ്രസുകളാണ് സര്‍വിസ് നടത്തുന്നത്. ന്യൂഡല്‍ഹി-അജ്മീര്‍, ചെന്നൈ-മൈസൂരു ട്രെയിനുകളിലാണ് കഴിഞ്ഞവര്‍ഷം പരീക്ഷണാര്‍ഥം നിരക്ക് കുറച്ചത്. യാത്രക്കാര്‍ വളരെ കുറവുള്ള ജയ്പുര്‍-അജ്മീര്‍, ബംഗളൂരു-മൈസൂരു എന്നീ റൂട്ടുകള്ക്കിടയില് പദ്ധതി നടപ്പാക്കി.
ബസിലേതിന് തുല്യമായ നിരക്ക് നടപ്പാക്കിയതോടെ അഭൂതപൂര്‍വമായ മാറ്റമാണുണ്ടായത്. ഇവിടെ 300 രൂപവരെയാണ് കുറവ് വരുത്തിയത്. ബംഗളൂരു-മൈസൂരു റൂട്ടിലാകട്ടെ യാത്ര ബുക്കിങ്ങില്‍ 63 ശതമാനം വര്‍ധനവുണ്ടായി. ഇതാണ് മറ്റു ട്രെയിനുകളില്‍കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.

