ന്യൂഡല്‍ഹി: കൊലക്കേസ് പ്രതിയെന്ന് വിളിച്ച് അപമാനിച്ചെന്നാരോപിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ ക്രിമിനല്‍ മാന നഷ്ടക്കേസ് നല്‍കി. സുനന്ദാ പുഷ്‌കറിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെടുത്തിയാണ് രവി ശങ്കര്‍ പ്രസാദ് കൊലക്കേസ് പ്രതിയെന്ന് ശശി തരൂരിനെ വിളിച്ചത്. ട്വീറ്റ് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ശിവലിംഗത്തിലിരുന്ന തേളിനെപ്പോലെയാണ്, കൈകൊണ്ട് തട്ടിമാറ്റാനും പറ്റില്ല, ചെരുപ്പ് കൊണ്ട് തല്ലാനും പറ്റില്ല എന്ന് ഒരു ആര്‍എസ്എസ് നേതാവ് തന്നോട് പറഞ്ഞിരുന്നുവെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. തരൂരിന്‍റെ ഈ പരാമര്‍ശത്തിന് മറുപടിയായി കൊലക്കേസ് പ്രതിയായ ഒരാള്‍ ശിവഭഗവാനെ അപമാനിച്ചിരിക്കുന്നുവെന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.
വക്കീല്‍ നോട്ടീസ് കൈപ്പറ്റി 48 മണിക്കൂറിനകം മാപ്പ് പറയണമെന്ന തരൂരിന്‍റെ ആവശ്യം രവിശങ്കര്‍ പ്രസാദ് അംഗീകരിച്ചിരുന്നില്ല. മാപ്പ് പറയാനോ ട്വീറ്റ് ഡിലീറ്റ് ചെയ്യാനോ താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ മറുപടി.
അതേസമയം സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തില്‍ തരൂര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അര്‍ണബിന് സമന്‍സ് അയച്ചിരുന്നു. 2019 ഫെബ്രുവരി 28 ന് കോടതിയില്‍ ഹാജരാവണമെന്നാണ് സമന്‍സിലെ ആവശ്യം.

