എക്സൈസ് വകുപ്പില്‍ ലൈംഗിക പീഡനം വര്‍ദ്ധിക്കുന്നതായി ജീവനക്കാരികളുടെ പരാതി

കോഴിക്കോട്: സംസ്ഥാനത്തെ എക്സൈസ് വകുപ്പില്‍ ലൈംഗിക പീഡനം വര്‍ദ്ധിക്കുന്നതായി ജീവനക്കാരികളുടെ കൂട്ടപരാതി. മനുഷ്യാവകാശ കമ്മീഷന്‍, എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

പേരുവെക്കാതെയുള്ള പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വനിതാ ജീവനക്കാരെ പുഴുക്കളെപ്പോലെയാണ് കാണുന്നതെന്നും തങ്ങള്‍ക്ക് വഴങ്ങാത്തവരോട് പ്രതികാര മനോഭാവത്തോടെ പെരുമാറുന്നത് പതിവാണെന്നും പരാതിയിലുണ്ട്. റെയ്ഞ്ച് ഓഫീസുകളില്‍ സ്ത്രീകള്‍ക്ക് ടോയ്ലറ്റോ അത്യാവശ്യം വിശ്രമിക്കാനുള്ള സൗകര്യമോ ഇല്ല. പലയിടത്തും ജോലി സമയത്ത് മദ്യപിക്കുന്ന പുരുഷ ഓഫീസര്‍മാര്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വരുന്നു. രാത്രി പലപ്പോഴും വിളിച്ചു വരുത്തുന്നു, എന്നാല്‍ ജോലി കഴിഞ്ഞാല്‍ വീട്ടില്‍ പോകാന്‍ സമ്മതിക്കാറില്ല. വ്യാജ പരാതിയാണെന്നോ ഭ്രാന്തന്‍ ചിന്തയാണെന്നോ കരുതി മുഴുവന്‍ വായിക്കാതെ തള്ളിക്കളയരുതെന്നും ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാവുമെന്ന ഭയം കൊണ്ടാണ് പേരുപറയാന്‍ മടിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

സര്‍ക്കിള്‍ ഓഫീസുകള്‍ക്ക് കീഴില്‍ വനിതാ റെയ്ഞ്ച് ഓഫീസുകള്‍ തുടങ്ങണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. വനിതാ ഓഫീസര്‍മാര്‍ നല്‍കുന്ന പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാകണം. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ഒരു വനിത തന്നെയാവണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

സിവില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍മാര്‍ മുതല്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വരെ ദുഷ്ട ലാക്കോടെയാണ് തങ്ങളെ സമീപിക്കുന്നത്. അവരുടെ ഇംഗിതത്തിന് വഴങ്ങുന്നവര്‍ക്ക് മാത്രമാണ് സ്വസ്ഥമായി ജോലി ചെയ്യാന്‍ കഴിയുന്നത് എന്നും പരാതിയില്‍ ആരോപിക്കുന്നു. ഇത് സ്ഥാപിക്കാന്‍ കൊല്ലത്തെ ഒരു സംഭവവും വിശദീകരിക്കുന്നുണ്ട്. സൗകര്യപ്രദമായ  സ്ഥലത്ത് ജോലി ചെയ്യണമെങ്കില്‍ അസോസിയേഷന്‍ ഭാരവാഹികളേയോ മേലുദ്യോഗസ്ഥരേയോ തൃപ്തിപ്പെടുത്തേണ്ട ഗതികേടിലാണെന്നും പരാതിപ്പെടുന്നു.

2014 മുതലാണ് എക്സൈസ് വകുപ്പില്‍ സ്ത്രീകളെ നിയമിച്ചു തുടങ്ങിയത്. ഇതുവരെ മൂന്നു ബാച്ചുകളിലാണ് സ്ത്രീകളെ നിയമിച്ചത്. അവസാന ബാച്ച്‌ ഇപ്പോള്‍ ട്രെയിനിങ് പൂര്‍ത്തിയാക്കി വരികയാണ്.

prp

Related posts

Leave a Reply

*