തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചതോടെ മാറുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ 65 വര്‍ഷത്തെ ചരിത്രം.
ഐക്യകേരളം പിറവി കൊണ്ടതുമുതല്‍ കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി ഗവര്‍ണര്‍ക്കാണ്. 1957ലെ കേരള സര്‍വകലാശാല നിയമത്തിലൂടെയാണ് സര്‍വകലാശാലകളുടെ പരമോന്നത പദവിയില്‍ ഗവര്‍ണര്‍ വന്നത്. 1937ല്‍ രാജഭരണകാലത്ത് രൂപം നല്കിയ തിരുവിതാംകൂര്‍ സര്‍വകലാശാലയാണ് 1957ലെ നിയമത്തിലൂടെ കേരള സര്‍വകലാശാലയായത്. രാജഭരണകാലത്ത് രാജാവായിരുന്നു സര്‍വകലാശാലയുടെ ചാന്‍സലര്‍. 1968ല്‍ നിലവില്‍വന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവി ഗവര്‍ണര്‍ക്കായിരുന്നു.
പിന്നീട്, രൂപവത്കരിച്ച നിയമ സര്‍വകലാശാല (നുവാല്‍സ്) ഒഴികെ മുഴുവന്‍ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണര്‍ തന്നെയായി. നുവാല്‍സില്‍ ഹൈകോടതി ചീഫ് ജസ്റ്റിസാണ് ചാന്‍സലര്‍. നിലവില്‍ 14 സംസ്ഥാന സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണറാണ്. കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസ് നേതൃത്വം നല്കിയ സര്‍ക്കാറാണ് സര്‍വകലാശാല ചാന്‍സലര്‍ പദവിയിലേക്ക് ഗവര്‍ണറെ കൊണ്ടുവന്നതെങ്കില്‍ അതേ പ്രത്യയശാസ്ത്രക്കാരനായ പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ആറര പതിറ്റാണ്ടിനുശേഷം ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കാനുള്ള നിയമനിര്‍മാണത്തിലേക്ക് കടന്നിരിക്കുന്നു.
സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളെന്ന സങ്കല്പത്തിലാണ് സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത, സംസ്ഥാനത്തിന്റെ ഭരണഘടന തലവനായ ഗവര്‍ണറെ ചാന്‍സലര്‍ പദവിയിലേക്ക് സര്‍ക്കാറുകള്‍ പരിഗണിച്ചത്. സര്‍വകലാശാലകളില്‍ അത്യപൂര്‍വമായി മാത്രമേ ചാന്‍സലര്‍മാര്‍ ഇടപെടാറുണ്ടായിരുന്നുള്ളൂ. വിവിധ സര്‍ക്കാറുകള്‍ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള് സര്‍വകലാശാലകളില്‍ നടപ്പാക്കാന്‍ മുതിര്‍ന്നതോടെ ചാന്‍സലറുടെ ഇടപെടലുകള്‍ പതിവായി. ഗവര്‍ണര്‍ വഴി സര്‍വകലാശാലകളില്‍ ബി.ജെ.പി താല്പര്യം നടപ്പാക്കാന്‍ ശ്രമം തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാറും പ്രതിരോധ നീക്കം നടത്തി. കാലിക്കറ്റ്, ആരോഗ്യ സര്‍വകലാശാല വി.സി നിയമനത്തില്‍ ഇത് പ്രകടമായി. കേരള സര്‍വകലാശാല സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ വൈസ് ചാന്‍സലര്‍ സമര്‍പ്പിച്ച പട്ടികയില്‍നിന്ന് രണ്ടുപേരെ വെട്ടി പകരം രണ്ട് ബി.ജെ.പി നോമിനികളെ തിരുകിക്കയറ്റുന്ന നടപടി മുന്‍ ഗവര്‍ണര്‍ പി. സദാശിവത്തിന്റെ കാലത്തുണ്ടായി.

