മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ എന്‍.ഐ.എയ്ക്ക് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസെ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആഡംബര ബെന്‍സ് കാര്‍ എന്‍.ഐ.എ. പിടിച്ചെടുത്തു.
ഈ കാറില്‍നിന്ന് അഞ്ച് ലക്ഷം രൂപയും നോട്ടെണ്ണല്‍ യന്ത്രവും എസ്.യു.വിയുടെ നമ്ബര്‍പ്ലേറ്റും ചില വസ്ത്രങ്ങളും പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ എന്‍.ഐ.എ. സംഘം വിശദമായ അന്വേഷണം തുടരുകയാണ്. സച്ചിന് വാസെ ആഡംബര കാര്‍ ഉപയോഗിച്ചിരുന്നതായും കാറില്‍നിന്ന് പണവും മറ്റും പിടിച്ചെടുത്തതായും എന്‍.ഐ.എ. ഉദ്യോഗസ്ഥനായ അനില്‍ ശുക്ല മാധ്യമങ്ങളോട് വെളിപ്പെടുത്തി . കാറിന്റെ ഉടമസ്ഥതയെ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാറില്‍നിന്ന് അന്വേഷണ ഏജന്‍സി കണ്ടെടുത്ത വസ്ത്രങ്ങളില്‍ ഒരു ഷര്‍ട്ടും ഉണ്ടായിരുന്നു. ഇതോടൊപ്പം മണ്ണെണ്ണ കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കളടങ്ങിയ എസ്.യു.വി. വാഹനം ഉപേക്ഷിച്ചയാള്‍ ഇതേ ഷര്‍ട്ടും പിപിഇ കിറ്റും ധരിച്ചാണ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ സച്ചിന് വാസെ തന്നെയാണ് സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചതെന്നാണ് എന്‍.ഐ.എ. സംഘത്തിന്റെ നിഗമനം. സംഭവത്തിന് ശേഷം പി.പി.ഇ. കിറ്റ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചിട്ടുണ്ടാകുമെന്നുമാണ് അന്വേഷണസംഘം കരുതുന്നത് .

ഫെബ്രുവരി 25-നാണ് മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കളടങ്ങിയ എസ്.യു.വി. വാഹനം കണ്ടെത്തിയത്. വാഹനത്തില്‍ ജെലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മുംബൈയിലെ ഓട്ടോ പാര്‍ട്സ് ഡീലറായ മന്‍സുഖ് ഹിരണിന്റേതാണ് വാഹനമെന്ന് കണ്ടെത്തി. പിന്നാലെ മന്‍സുഖിനെ മുംബൈയിലെ കടലിടുക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു.
തുടര്‍ന്ന് മന്‍സൂക്കിന്റെ ഭാര്യ മുംബൈ പോലീസ് ഉദ്യോഗസ്ഥനായ സച്ചിന് വാസെക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തി. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ വാഹനം നാല് മാസത്തോളം സച്ചിന് വാസെ ഉപയോഗിച്ചിരുന്നതായും ഫെബ്രുവരി അഞ്ചിനാണ് വാഹനം തിരികെ നല്‍കിയതെന്നുമായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. മന്‍സുഖിന്റെ മരണത്തിന് പിന്നില്‍ സച്ചിന് വാസെയാണെന്നും മന്‍സൂക്കിന്റെ ഭാര്യ ആരോപിച്ചിരുന്നു.
ഇതേ തുടര്‍ന്ന് സംഭവത്തില്‍ കഴിഞ്ഞയാഴ്ചയാണ് എന്‍.ഐ.എ. അന്വേഷണം ഏറ്റെടുത്തത്. ഞായറാഴ്ച പോലീസ് ഉദ്യോഗസ്ഥനായ സച്ചിന് വാസെയെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. അന്വേഷണത്തില്‍ സച്ചിന്‍വാസെയുടെ കമ്ബ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും എന്‍.ഐ.എ. പിടിച്ചെടുത്തതിന് പിന്നാലെയാണ് സച്ചിന് വാസെ ഉപയോഗിച്ചിരുന്ന ആഡംബര കാറും അന്വേഷണ സംഘം പിടിച്ചെടുത്തിരിക്കുന്നത്.

