ശ​ബ​രി​മ​ല സംഘര്‍ഷം: അ​റ​സ്റ്റ് 2,000 ക​ട​ന്നു

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ 452 കേസുകളിലായി 2061 പേര്‍ അറസ്റ്റിലായി.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരു‌ടെ യോഗത്തില്‍ നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അറസ്റ്റ്. പത്തനംതിട്ട ജില്ലയില്‍ മാത്രം ഇന്നലെ വരെ 58 കേസുകളില്‍ 153 പേര്‍ അറസ്റ്റിലായി. ഇതില്‍ 56 പേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാന്‍ഡ് ചെയ്തു.

തുലാമാസ പൂജയ്ക്ക് നട തുറന്ന ദിവസം മുതലുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായിരിക്കുന്നത്. അക്രമികളെ കഴിഞ്ഞ ദിവസങ്ങളിലും ഇന്ന് പുലര്‍ച്ചയെുമായി വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായവരില്‍ ആയിരത്തി അഞ്ഞൂറോളം പേരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. എന്നാല്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്‌റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

17 ന് നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നടന്ന അക്രമങ്ങളില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 18 പേര്‍ റിമാന്‍ഡിലായി. ഇവരെ റാന്നി കോടതിയാണ് റിമാന്‍ഡ് ചെയ്തത്. മൊത്തം 74 പേരെ കഴിഞ്ഞ ദിവസം മാത്രം റിമാന്‍‌ഡ് ചെയ്‌തിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന പൊലീസിന്‍റെ നിരീക്ഷണ കാമറകളില്‍ പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ തെളിഞ്ഞിരുന്നു.

നിലയ്ക്കലില്‍ പൊലീസുമായി ഏറ്റുമുട്ടിയ 210 പേരുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പൊലീസ് വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ചിത്രങ്ങള്‍ അയയ്ക്കുകയുണ്ടായി. ഇതേ തുടര്‍ന്നാണ് പതിനെട്ടുപേരെ അറസ്റ്റ് ചെയ്തത്. പൊലീസുമായി ഏറ്റുമുട്ടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി കേസുള്ളവരാണിവര്‍.

അക്രമങ്ങളില്‍ പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ ബുധനാഴ്ച വൈകിട്ടാണ് പൊലീസ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. പത്തനംതിട്ട പൊലീസ് ചീഫ്, ഡിവൈ. എസ്.പി, പമ്പ സി.എെ എന്നിവരുടെ ഫോണ്‍ നമ്പരുകളും ഒപ്പം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്കു കൈമാറി.

prp

Related posts

Leave a Reply

*