പാലക്കാട് വ്യാപക ആക്രമണം, സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു

പാലക്കാട്: ഹര്‍ത്താലിന്‍റെ മറവില്‍ അക്രമികള്‍ പാലക്കാട് വ്യാപക ആക്രമണം നടത്തി. സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് ബിജെപി, ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. വിക്ടോറിയ കോളേജിന് മുന്നില്‍ സംഘടിച്ച ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിക്കുകയായിരുന്നു.

ഹ‍ര്‍ത്താലിന്‍റെ ഭാഗമായി നഗരത്തില്‍ പ്രകടനം നടത്തി മടങ്ങിയ പ്രവര്‍ത്തകര്‍ തിരിച്ചെത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത ശേഷം സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസായ പി ബാലചന്ദ്രമേനോന്‍ സ്മാരകത്തിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ രൂക്ഷമായ കല്ലേറ് തുടങ്ങി. തുട‍ര്‍ന്ന് ഓഫീസ് വളപ്പിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ ജനാല ചില്ലുകളും ഓഫീസിന് മുന്നിലുണ്ടായിരുന്ന നാല് വാഹനങ്ങളും തല്ലിത്തകര്‍ത്തു. പാര്‍ട്ടി ഓഫീസിന് മുന്നിലുള്ള കൊടിമരവും ഇവ‍ര്‍ നശിപ്പിച്ചു.

ആക്രമണം നേരിടാന്‍ വേണ്ടത്ര പൊലീസ് സുരക്ഷ ഇവിടെയില്ലായിരുന്നു. കൂടുതല്‍ പൊലീസ് എത്തുന്നത് വരെ സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് വളപ്പില്‍ കണ്ണില്‍ക്കണ്ടതെല്ലാം അക്രമികള്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ഹര്‍ത്താല്‍ അനുകൂലികളുടെ വ്യാപകമായ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ തൊട്ടടുത്തുള്ള സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനുള്ള സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചു

prp

Related posts

Leave a Reply

*