മോസ്കോ : യുക്രെയിനെതിരെ റഷ്യ ആരംഭിച്ച സൈനിക നടപടി ഇപ്പോള്‍ നാറ്റോയ്ക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമെതിരെയുള്ള യുദ്ധമായി മാറിയെന്ന് യൂറോപ്യന്‍ യൂണിയന്റെ ( ഇ.യു ) യൂറോപ്യന്‍ എക്സ്റ്റേണല്‍ ആക്ഷന്‍ സര്‍വീസ് സെക്രട്ടറി ജനറല്‍ സ്റ്റെഫാനോ സാന്നിനോ.
യു.എസും ജര്‍മ്മനിയും യുക്രെയിന് സൈനിക ടാങ്കുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്റ്റെഫാനോയുടെ പ്രതികരണം. യുക്രെയിനില്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് പകരം സാധാരണക്കാരെയും നഗരങ്ങളെയും റഷ്യ ആക്രമിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. യുക്രെയിന് ടാങ്കുകള്‍ നല്‍കുന്നത് ആക്രമണത്തിനല്ലെന്നും പകരം ചെറുത്തുനില്‍പ്പിനാണെന്നും അദ്ദേഹം വ്യക്തമാക്കി. ജര്‍മ്മനി 14 ലെപ്പേഡ് – 2 ടാങ്കുകളും യു.എസ് 31 എം – 1 എബ്രാംസ് ടാങ്കുകളുമാണ് യുക്രെയിന് നല്‍കുക.
യുക്രെയിന് സൈനിക ടാങ്കുകള്‍ നല്‍കാന്‍ ആദ്യം വിമുഖത കാട്ടിയ ജര്‍മ്മനി കടുത്ത പാശ്ചാത്യ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തീരുമാനം മാറ്റിയത്. ലോകത്തെ ഏറ്റവും മികച്ച ടാങ്കുകളില്‍പ്പെടുന്നവയാണ് ലെപ്പേഡും എബ്രാംസും. അതിനിടെ, യുക്രെയിനില്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള സെപൊറീഷ്യ ആണവ നിലയത്തിന് സമീപം കഴിഞ്ഞ ദിവസങ്ങളില്‍ സ്ഫോടനങ്ങളുണ്ടായെന്ന് ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി അറിയിച്ചു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് റഷ്യ ആരോപിച്ചു.

