ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ പാകിസ്‌ഥാനും ബംഗ്ലാദേശിനും പിന്നില്‍; ക്യൂബയടക്കം 17 രാജ്യങ്ങള്‍ ഒന്നാം സ്ഥാനത്ത്

ന്യൂഡല്ഹി> പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ശീലങ്കയും അടക്കമുള്ള അയല്‍രാജ്യങ്ങളെയും കടത്തിവെട്ടി ഇന്ത്യയില്‍ പട്ടിണി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പട്ടിണിയില്‍ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളെയും ഇന്ത്യ പിന്നിലാക്കി. ഏറ്റവും ദരിദ്രരായ കുട്ടികള്‍ ഉള്ള രാജ്യമായി ബംഗ്ലാദേശിനും പിറകിലാണ് ഇന്ത്യയുടെ സ്ഥാനം .

ആഗോള പട്ടിണി സൂചിക(ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡെക്സ് 2020 )അനുസരിച്ച്‌ ലോകത്ത് അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളവര്‍ ഇന്ത്യയിലാണുള്ളത്. കുട്ടികളിലെ പോഷകാഹാര കറുവില്‍ 2015- -19 കാലഘട്ടത്തില്‍ സ്ഥിതി കൂടുതല്‍ വഷളായി, കുട്ടികളുടെ പട്ടിണിയുടെ വ്യാപനം 2010 – -14 ല്‍ 15.1% ആയിരുന്നത് വീണ്ടും ഉയര്‍ന്ന് 17.3% ആയി.

മൊത്തത്തില്‍, സൂചികയിലെ 107 രാജ്യങ്ങളില്‍ 94 ത്തേതാണ് ഇന്ത്യയുടെ സ്ഥാനം. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ് (75), പാകിസ്ഥാന്‍ (88) എന്നിവയേക്കാള്‍ പിന്നിലാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെയും ബ്രിക്സ് രാജ്യങ്ങളുടെയും കൂട്ടത്തിലും ഇന്ത്യ ഏറ്റവും പിന്നിലാണ്. ഉഗാണ്ട, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഹെയ്ത്തി, യമന്‍, ലൈബീരിയ, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പിന്നിലുള്ളത്. കുട്ടികളുടെ പട്ടിണിയില്‍ രണ്ടുപതിറ്റാണ്ടിന് മുന്പുള്ളതിനേക്കാള്‍ മോശം സ്ഥിതിയാണ്.

രാജ്യാന്തര സന്നദ്ധസംഘടനകളായ കണ്‍സേണ്‍ വേള്‍ഡ്വൈഡ്, വെല്‍ത് ഹംഗര്‍ ലൈഫ് എന്നിവ സംയുക്തമായി പട്ടിണിയും പോഷകാഹാരക്കുറവും മാനദണ്ഡങ്ങളാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ദയനീയസ്ഥിതി വിശദീകരിക്കുന്നത്.

പോഷകാഹാരക്കുറവ്, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ വളര്‍ച്ചമുരടിപ്പ്, ഭാരക്കുറവ്, ശിശുമരണനിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് സൂചിക. ഏറ്റവും മികച്ച സ്കോര്‍ പൂജ്യവും ഏറ്റവും മോശം സ്കോര്‍ നൂറും ആണ്. ഇന്ത്യക്ക് ലഭിച്ചത് 30.3 ആണ്. ഗുരുതര പട്ടിണി നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഏഷ്യ പ്രദേശങ്ങളില്‍, ഇന്ത്യയേക്കാള്‍ മോശമായ രാജ്യങ്ങള്‍ തിമോര്‍-ലെസ്റ്റെ, അഫ്ഗാനിസ്ഥാന്‍, ഉത്തര കൊറിയ എന്നിവയാണ്.

അതേസമയം ശിശുമരണനിരക്കില്‍ ഇന്ത്യ ഇപ്പോള്‍ 3.7 ശതമാനമായി മെച്ചപ്പെട്ടു.ആഗോളതലത്തില്‍ 690 ദശലക്ഷം ആളുകള്‍ പോഷകാഹാരക്കുറവുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മഹാമാരി പട്ടിണിയും ദാരിദ്ര്യവും കുറയ്ക്കുന്നതിലെ പുരോഗതിയെ ബാധിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

യൂറോപ്പിലെയും അമേരിക്കയിലെയും സമ്ബന്ന രാജ്യങ്ങളെ ഒഴിവാക്കിയാണ് പട്ടിണി സൂചികയുടെ പട്ടിക തയ്യാറാക്കിയത്. പട്ടിണി ഏറ്റവും കുറവുള്ള ആദ്യ 17 രാജ്യങ്ങളില്‍ (സ്കോര്‍ അഞ്ചില്‍ താഴെ) ബലാറസ്, ചിലി, ക്യൂബ,ചൈന , റുമേനിയ, ഉറുഗ്വെ, കുവൈത്ത്, ടര്‍ക്കി എന്നിവ ഉള്‍പ്പെടുന്നു. പാകിസ്ഥാന്‍ 2015ല്‍ 106-ാം സ്ഥാനത്ത് ആയിരുന്നെങ്കില്‍ ഇപ്പോള്‍ 88 (സ്കോര്‍ 37.2) എത്തി. ബംഗ്ലാദേശ്- 75 , നേപ്പാള്‍-73, ശ്രീലങ്ക-64, എന്നിങ്ങനെയാണ് അയല്‍രാജ്യങ്ങളുടെ സ്ഥാനം. ബ്രിക്സ് രാജ്യങ്ങളായ ബ്രസീല്‍-17, റഷ്യ-18, ദക്ഷിണാഫ്രിക്ക-60 എന്നിവ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ്.

prp

Leave a Reply

*