ബ്രസല്‍സ്: പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച പാകിസ്ഥാന്‍ മന്ത്രി ദേശീയ അസംബ്ലിയില്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ സംഭവത്തെ അപലപിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍. ടിയറി മരിയാനി, ജൂലി ലെചന്‍ട്യൂക്സ്, വിര്‍ജിനി ജോറോണ്‍, ഫ്രാന്‍സ് ജാമറ്റ് എന്നീ നാലു എം.പിമാരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
യൂറോപ്പില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പാകിസ്താന് പങ്കുണ്ടോ എന്ന് അന്വേഷണം നടത്തണമെന്നും യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന് നവംബര്‍ നാലിന് അയച്ച കത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെടുന്നു.
2019 ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ടു. സ്‌ഫോടകവസ്തു നിറച്ച ഭീകരരുടെ വാഹനം ജവാന്‍മാര്‍ സഞ്ചരിച്ച ബസില്‍ ഇടിച്ചുകയറ്റുകയായിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടന ജയ്ശെ മുഹമ്മദ് ഏറ്റെടുത്തു. എന്നാല്‍, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പാക് സര്‍ക്കാര്‍ പലതവണ നിഷേധിച്ചിരുന്നു.
2020 ഒക്ടോബര്‍ 29ന് പാക് മന്ത്രി ഫവാദ് ചൗധരി ദേശീയ അസംബ്ലിയിലാണ് പുല്‍വാമ ഭീകരാക്രമണം ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിന്‍റെ വിജയമാണെന്ന് അവകാശപ്പെട്ടത്. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പാക്കിസ്താനെതിരെ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.

