കൊച്ചി: തൃക്കാക്കര എംഎല്‍എയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എഐസിസി അംഗവുമായ പി.ടി.തോമസ് (70) അന്തരിച്ചു.വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.
അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം അടുത്തകാലത്തായി ക്ഷീണിതനായിരുന്നു. ഇതേതുടര്‍ന്നാണ് വെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചു ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 10.15-നാണ് മരിച്ചത്.
തുടര്‍ച്ചയായ രണ്ടാം തവണ തൃക്കാക്കര മണ്ഡലത്തില്‍ നിന്നും വിജയിച്ച പി.ടി നിലവില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറിയാണ്. തൊടുപുഴയെ പ്രതിനിധീകരിച്ച് മുന്‍പ് രണ്ടു തവണ എംഎല്‍എയായ അദ്ദേഹം ഇടുക്കിയില്‍ നിന്നും ഒരുതവണ പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിംഗ് ഡയറക്ടറായും എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ ഉപ്പുതോട്ടില്‍ 1950 ഡിസംബര്‍ 12ന് ജനിച്ച അദ്ദേഹം വിദ്യാര്‍ഥി സംഘടനയായ കെഎസ്യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. 1980-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പി.ടി 1980 മുതല്‍ കെപിസിസി, എഐസിസി അംഗമാണ്. 1990-ല്‍ ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായി. 2007-ല്‍ ഇടുക്കി ഡിസിസിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
1991-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ നിന്നാണ് ആദ്യം എംഎല്‍എയായത്. പിന്നീട് 2001-ല്‍ വീണ്ടും തൊടുപുഴയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1996, 2006 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ മത്സരിച്ചെങ്കിലും പി.ജെ.ജോസഫിനോട് തോല്‍വി ഏറ്റുവാങ്ങി.
പിന്നീട് 2016-ല്‍ തൃക്കാക്കരയില്‍ മത്സരിക്കാനെത്തിയ പി.ടി അവിടെയും അപ്രതീക്ഷത ജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കുകയായിരുന്നു. 2009-ലെ ലോക്സഭ തെഞ്ഞെടുപ്പിലാണ് ഇടുക്കിയില്‍ നിന്ന് ലോക്സഭയിലേയ്ക്ക് വിജയിച്ചത്.
പരിസ്ഥിതി വിഷയങ്ങളിലെ ശക്തമായ നിലപാട് മൂലം തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സീറ്റ് നല്കാന് പാര്‍ട്ടി തയാറായില്ല. കേരള സര്‍വകലാശാല സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

