മദ്യം, ആത്മഹത്യ , പെരുമയ്‌ക്ക് പോറല്‍ ഏല്ക്കുമ്ബോള്‍

കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന ചൊല്ലിനെ കൊല്ലത്തുകാര്‍ ഇക്കുറി മദ്യത്തിലൂടെയാണ് അന്വര്‍ത്ഥമാക്കിയത്. ഓണം ആഘോഷിക്കാന്‍ കൊല്ലത്തുകാര്‍ ഒറ്റ ദിവസം 1.06 കോടിയുടെ മദ്യം കുടിച്ച്‌ സംസ്ഥാനത്ത് റെക്കോര്‍ഡിട്ടു.

ഉത്രാടദിനത്തില്‍ സംസ്ഥാനത്ത് 117 കോടി രൂപയുടെ മദ്യം വിറ്റഴിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് കൊല്ലം ആശ്രാമത്തെ ഔട്ട്ലറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഒരുകോടിയിലേറെ വില്പന നടന്ന ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍, പയ്യന്നൂര്‍ എന്നിവിടങ്ങളെയാണ് കൊല്ലം പിന്നിലാക്കിയത്. ആശ്രാമത്തെ ബിവറേജ് ജീവനക്കാര്‍ കേക്ക് മുറിച്ചാണ് ഇത് ആഘോഷിച്ചത്. മയക്കുമരുന്ന് ഉപഭോഗം കൂടിയപ്പോള്‍ മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞെന്ന് കണക്കിലൂടെ കാര്യം നിരത്തിയവരെയും ഇത് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

കൊല്ലം പെരുമയ്‌ക്ക് മങ്ങലേല്‍പ്പിച്ച മദ്യ ഉപഭോഗക്കണക്ക് വന്ന ദിവസം പുറത്തുവന്ന മറ്റൊരു കണക്കും ആശങ്കപ്പെടുത്തുന്നതാണ്. 2021ലെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നതും കൊല്ലത്താണത്രെ. ജനസംഖ്യയില്‍ ഒരു ലക്ഷം പേരില്‍ എത്ര ആത്മഹത്യ നടക്കുന്നുവെന്നതിനെ ആസ്പദമാക്കിയാണ് ആത്മഹത്യാ നിരക്ക് കണക്കാക്കുന്നത്. അങ്ങനെ നോക്കുമ്ബോള്‍ കൊല്ലത്ത് 43.9 ശതമാനമാണ് ആത്മഹത്യാ നിരക്ക്. 11.1 ലക്ഷമാണ് കൊല്ലം നഗര പ്രദേശത്തെ ജനസംഖ്യ. 2021 ല്‍ 487 പേരാണ് കൊല്ലത്ത് ജീവനൊടുക്കിയത്. ആത്മഹത്യാ നിരക്കില്‍ കൊല്ലത്തിന് തൊട്ടുപിന്നില്‍ പശ്ചിമ ബംഗാളിലെ അസന്‍സോള്‍ നഗരമാണ്. ഇവിടെ 38.5 ശതമാനമാണ് ആത്മഹത്യാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തോളം പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്.

ആശങ്കപ്പെടുത്തുന്ന

കണക്കുകള്‍

മദ്യ ഉപഭോഗത്തിലും ആത്മഹത്യയിലും കൊല്ലം റിക്കാര്‍ഡിടുമ്ബോള്‍ ഇവ രണ്ടും പരസ്പരപൂരകങ്ങളായി മാറുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് ആരോഗ്യപ്രവര്‍ത്തകരും മന:ശാസ്ത്രജ്ഞരും പങ്ക് വയ്ക്കുന്നത്. മനുഷ്യരെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് അമിതമായ മദ്യം, മയക്കുമരുന്ന് ഉപയോഗമാണ്. കഞ്ചാവ്, കറുപ്പ്, ലഹരിഗുളികകള്‍ തുടങ്ങിയവയുടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നതോടെ മദ്യത്തിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞെന്നാണ് ആരോഗ്യവിദഗ്ധനും ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമായ ഡോ. ബി.ഇക്ബാല്‍ സമൂഹമാദ്ധ്യമങ്ങളില്‍ അടുത്തിടെ കണക്കുകള്‍ സഹിതം പോസ്റ്റിട്ടത്. ഇക്കുറി ഓണത്തിന് 4500 കോടി കടമെടുത്ത സര്‍ക്കാരിന് അല്പമെങ്കിലും ആശ്വാസമേകിയത് മദ്യമാണ്. മദ്യപന്മാര്‍ ‘സഹായിച്ചതിനാല്‍’ ഔരാഴ്ചയ്ക്കിടെ 624 കോടിയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റുകളിലൂടെ വിറ്റഴിച്ചത്.

കഴിഞ്ഞ വര്‍ഷം ഇത് 529 കോടിയായിരുന്നു. ഇക്കുറി മദ്യവില്‍പ്പനയില്‍ നിന്ന് 560 കോടിയാണ് നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലെത്തിയത്. തിരുവോണ ദിവസം ബവ്കോ ഔട്ട്ലറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ കണക്ക് ഇനിയും കുതിച്ചുയര്‍ന്നേനെ.

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്. 2020 ല്‍ 1.53 ലക്ഷം പേരാണ് ആത്മഹത്യ ചെയ്തതെങ്കില്‍ കഴിഞ്ഞ വര്‍ഷം 1.64 ലക്ഷം പേര്‍ ആത്മഹത്യ ചെയ്തു. സംസ്ഥാനങ്ങളുടെ കണക്കുകളനുസരിച്ച്‌ മഹാരാഷ്ട്രയിലാണ് കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്. 22,207 പേരാണ് മഹരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കുടുംബപ്രശ്‌നങ്ങളാണ് മിക്ക ആത്മഹത്യയ്ക്കും കാരണം. കേരളത്തില്‍ കൂട്ട ആത്മഹത്യകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 12 കൂട്ടആത്മഹത്യയാണ് നടന്നത്. ഇതില്‍ 26 പേര്‍ മരിച്ചു. കൂട്ട ആത്മഹത്യകളുടെ ലിസ്റ്റില്‍ കേരളം നാലാമതാണ്. തമിഴ്‌നാടാണ് ഒന്നാമത്. സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ ആത്മഹത്യാ നിരക്കില്‍ 12 ശതമാനം വര്‍ദ്ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ദേശീയ ശരാശരിയേക്കാള്‍ നാലിരട്ടിയാണിത്. 2019- 20 ല്‍ 8500 പേരാണ് സംസഥാനത്ത് ജീവനൊടുക്കിയത്. 2020- 21 ല്‍ ഇത് 9549 ആയെന്നാണ് ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. തൊഴിലില്ലായ്മ മൂലം 1654 പേരാണ് സംസ്ഥാനത്ത് ജീവനൊടുക്കിയത്. കൊവിഡ് സൃഷ്ടിച്ച സാമൂഹിക, സാമ്ബത്തിക, മാനസിക സമ്മര്‍ദ്ദം ജനനങ്ങളെ ബാധിച്ചുവെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുടുംബ പ്രശ്നങ്ങളാല്‍ 47.7 ശതമാനം പേരും അനാരോഗ്യം മൂലം 21 ശതമാനം പേരും ജീവനൊടുക്കി.

രോഗം, തൊഴിലില്ലായ്മ, ദാമ്ബത്യ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍, ലഹരി ഉപയോഗം തുടങ്ങിയവ മൂലം നിരവധിപേര്‍ ജീവനൊടുക്കി. മാനസിക സംഘര്‍ഷം കുറയ്ക്കാനാണ് പലരും മദ്യത്തിനും മയക്കു മരുന്നുകള്‍ക്കും അടിമയാകുന്നത്. ഇത് മിഥ്യാധാരണയാണെന്ന് മാത്രമല്ല, ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്നു.

കൊല്ലത്തെ ആത്മഹത്യാനിരക്ക് ആശങ്കാജനകമാം വിധം ഉയര്‍ന്നതോടെ ജനങ്ങളുടെ മാനസികാരോഗ്യം ഉയര്‍ത്തുന്ന കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുമെന്ന് കൊല്ലം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസറായ ഡോ. സാഗര്‍ ടി. തേവലപ്പുറം പറഞ്ഞു. ഇതുസംബന്ധിച്ച ബോധവത്ക്കരണ പരിപാടിയുമായി ഓരോ വീട്ടിലും എത്തുന്ന കര്‍മ്മപദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു. മദ്യത്തിന്റെയും ആത്മഹത്യയുടെയും ഞെട്ടിക്കുന്ന കണക്കുകള്‍ ഉയര്‍ത്തുന്ന ആശങ്കയില്‍നിന്ന് എങ്ങനെ രക്ഷനേടാമെന്ന ചിന്തയിലാണ് കൊല്ലത്തുകാര്‍.

prp

Leave a Reply

*