സസ്‌പെന്‍ഷന്‍ പണിഷ്‌മെന്റ് ആയിരുന്നില്ലെന്ന വിചിത്രവാദവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍, സദ്യ വിവാദത്തില്‍ മലക്കം മറിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ മലക്കം മറിഞ്ഞ് മേയര്‍ ആര്യ രാജേന്ദ്രന്‍.

തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ‌്തത് പണിഷ്‌മെന്റ് ആയിരുന്നില്ലെന്നും, കൂടുതല്‍ അന്വേഷണം നടത്തുക എന്ന ഉദ്ദേശമാണ് നഗരസഭയ‌്ക്കുള്ളതെന്നുമാണ് മേയറുടെ ഇപ്പോഴത്തെ നിലപാട്.

ആദ്യഘട്ടത്തില്‍ തൊഴിലാളികളുടെ വിശദീകരണം ചോദിച്ചിരുന്നു. അതില്‍ വ്യക്തത കുറവ് വന്നതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. പണിഷ്മെന്റ് എന്ന നിലയിലല്ല സസ്‌പെന്‍‌ഡ് ചെയ‌്തതെന്നും, കൂടുതല്‍ അന്വേഷണം നടത്തുക എന്ന ഉദ്ദേശമാണ് നഗരസഭയ‌്ക്കുള്ളതെന്ന് മേയര്‍ നടപടിയെ ന്യായീകരിച്ചു. പണിഷ്‌മെന്റ് കൊടുക്കേണ്ടവരാണ് തൊഴിലാളികള്‍ എന്ന ധാരണ നഗരസഭയ‌്ക്കില്ലെന്നും മേയര്‍ പറഞ്ഞു. എന്നാല്‍ ജീവനക്കാര്‍ക്കെതിരെ എടുത്ത നടപടി പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആര്യ രാജേന്ദ്രന്‍ തയ്യാറായില്ല. സിപിഎം നേതൃത്വം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് അതൊക്കെ സംഘടനാപരമായ കര്യങ്ങളാണെന്നായിരുന്നു ആര്യ രാജേന്ദ്രന്റെ മറുപടി.

നഗരസഭ ചാല സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ ഓണസദ്യ കളഞ്ഞ് പ്രതിഷേധിച്ച സംഭവം ഒതുക്കി തീര്‍ക്കാന്‍ സി.പി.എം നേതൃത്വം ഇടപെട്ടുവെന്നാണ് വിവരം. പ്രശ്‌നം വഷളായി പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടി തന്നെ മുന്‍കൈയെടുത്തത്. എന്നാല്‍ തൊഴിലാളികള്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിച്ചുള്ള പ്രശ്‌നപരിഹാരം മാത്രമേ സാദ്ധ്യമാകുകയുള്ളൂവെന്ന നിലപാടിലാണ് ഭരണപക്ഷ തൊഴിലാളി യൂണിയന്‍.

ഇക്കാര്യം പാര്‍ട്ടി ജില്ലാ സെക്രട്ടറിയെയും മുതിര്‍ന്ന നേതൃത്വത്തെയും യൂണിയന്‍ അറിയിച്ചിട്ടുണ്ട്. പിരിച്ചുവിട്ട തൊഴിലാളികള്‍ പലരും ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് ഈ ജോലിയായിരുന്നു അത്താണിയെന്നും ഓണക്കാലത്ത് പിരിച്ചുവിട്ട നടപടി അവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നത്.

മേയര്‍ ഏകപക്ഷീയമായി തൊഴിലാളികള്‍ക്കെതിരെ എടുത്ത നടപടിയില്‍ പാര്‍ട്ടിയില്‍ തന്നെ രണ്ട് അഭിപ്രായമുണ്ടായിരുന്നു. മറ്റെല്ലാ തീരുമാനങ്ങളും നടപടികളുമെടുക്കുന്നതിന് മുമ്ബ് മേയര്‍ ബന്ധപ്പെട്ടവരെ കാര്യങ്ങള്‍ അറിയിക്കുമായിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ആശയവിനിമയം നടന്നിട്ടില്ലെന്നാണ് ആരോപണം.

സംഭവമറിഞ്ഞിട്ടും തൊഴിലാളികളുടെ ഭാഗം കേള്‍ക്കാതെ അവിടത്തെ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്തെന്നാണ് ആക്ഷേപം. ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സംഘടനായ കേരള മുന്‍സിപ്പല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു) നടപടിക്കെതിരെ കഴിഞ്ഞ ആറിന് നഗരസഭയ്‌ക്ക് മുമ്ബില്‍ നടത്തിയ പ്രതിഷേധവും പാര്‍ട്ടിയില്‍ ചര്‍ച്ചയായി. എന്നാല്‍ സി.പി.ഐ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

prp

Leave a Reply

*