മൂന്നു യുവാക്കളെ പൊലീസ് മര്‍ദിച്ചതായി പരാതി; മര്‍ദനമേറ്റത് പൊലീസിനെന്ന് സി.ഐ

പരപ്പനങ്ങാടി: പരപ്പനങ്ങാടി പൊലീസ് മര്‍ദിച്ചെന്ന പരാതിയുമായി മൂന്നു യുവാക്കള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

മൂന്നിയൂര്‍ സ്വദേശികളായ സി. ജിഷ്ണു, പി. അക്ഷയ്, സി. ഇന്ദ്രജിത് എന്നിവരാണ് മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.

പാലത്തിങ്ങല്‍ മുരിക്കല്‍ റോഡോരത്ത് ഇരിക്കുകയായിരുന്ന ഇവരെ പൊലീസ് വാഹനത്തില്‍ കയറ്റാന്‍ നടത്തിയ നീക്കമാണ് അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കിയത്. ലഹരിവാണിഭ സംഘത്തെ പിടിക്കാന്‍ പട്രോളിങ്ങിനിറങ്ങിയ പരപ്പനങ്ങാടി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വഴിയോരത്ത് ഇരിക്കുകയായിരുന്ന യുവാക്കളെ കാരണം വ്യക്തമാക്കാതെ പിടിച്ചുകൊണ്ടുപോകാന്‍ നടത്തിയ നീക്കം നാട്ടുകാരില്‍ ചിലരും ചോദ്യം ചെയ്യുകയായിരുന്നു. എസ്.ഐയും സംഘവും കൈയേറ്റത്തിനിരയായെന്ന സന്ദേശം ലഭിച്ച്‌ ഇതുവഴി വന്ന സി.ഐ പ്രകോപിതനാവുകയും യുവാക്കളെ പൊലീസ് ജീപ്പില്‍ പിടിച്ചുകയറ്റുകയുമായിരുന്നു. സി.ഐ തങ്ങളെ പൊലീസ് വാഹനത്തില്‍ വെച്ചും തുടര്‍ന്നും ബൂട്ടിട്ട് ചവിട്ടുകയും ശരീരമാസകലം മര്‍ദിക്കുകയായിരുന്നെന്ന് യുവാക്കള്‍ പരാതിപ്പെട്ടു. എന്നാല്‍, യുവാക്കള്‍ എസ്.ഐയെയാണ് മര്‍ദിച്ചതെന്നും പൊലീസ് മര്‍ദിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും സി.ഐ ഹണി കെ. ദാസ് പറഞ്ഞു. യുവാക്കള്‍ക്ക് കോടതി ജാമ്യം നല്‍കി.

prp

Leave a Reply

*