കണ്ണൂര്‍ : നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും മായം കലര്‍ന്ന തേയില ഉപയോഗിക്കുന്നത് വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം നടത്തിയ റെയിഡില്‍ കണ്ണൂരിലെ തട്ടുകടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മായം കലര്‍ന്ന തേയില പിടികൂടി.
ചായയ്ക്ക് നിറവും കടുപ്പവും വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള തേയില ഉപയോഗിക്കുന്നത്. ഇത് കൂടാതെ കൂടുതല്‍ ഗ്ലാസ് ചായ ഇത്തരം തേയില ഉപയോഗിക്കുന്നതിലൂടെ ഉണ്ടാക്കുവാനാവുന്നതും, കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതും ഹോട്ടലുടമകളെ ആകര്‍ഷിക്കുന്നുണ്ട്. ഹോട്ടലുകളില്‍ ഉപയോഗ ശേഷം കളയുന്ന ചായയുടെ പിണ്ടിയില്‍ കളര്‍ ചേര്‍ത്താണ് വീണ്ടും തേയിലയാക്കി വില്‍പ്പന നടത്തുന്നത്.
സംശയം തോന്നി പിടികൂടിയ തേയില ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കോഴിക്കോട്ടെ റീജനല്‍ അനലറ്റിക്കല്‍ ഫുഡ് ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ കൃത്രിമ വര്‍ണ വസ്തുക്കളായ കാര്‍മിയോസിന്‍, സണ്‍സെറ്റ് യെല്ലോ, ടാര്‍ടാറിസിന്‍ എന്നിവ ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന് ദോഷമായ ഇവയെല്ലാം നിരോധിതമാണ്.
ഈ രാസവസ്തുക്കള്‍ ശരീരത്തിലെത്തിയാല്‍ ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്ക്കിടയാകും. വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ചായപിണ്ടി കേരളത്തിന് പുറത്തുള്ള രഹസ്യകേന്ദ്രങ്ങളില്‍ എത്തിച്ച് വീണ്ടും മായം കലര്‍ത്തിയാണ് വില്‍പ്പനയ്ക്കെത്തിക്കുന്നത്.
