കാന്‍ബെറ: വായുനിറച്ച കളിയുപകരണങ്ങള്‍ പാര്‍ക്കുകളില്‍ സുലഭമാണ്. അവയില്‍ കുട്ടികള്‍ ചാടികളിക്കുന്നതും കുത്തിമറയുന്നതും ഏറെ ആസ്വദിച്ച് കണ്ടുനില്‍ക്കുന്നവരാണ് മാതാപിതാക്കള്‍.
ഇത്തരത്തില്‍ തങ്ങളുടെ കണ്‍മുന്നില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ നടന്ന ദുരന്തത്തില്‍ നിന്ന് വിട്ടുമാറാതെ പകച്ചുനില്‍ക്കുകയാണ് ഒരു കൂട്ടം മാതപിതാക്കള്‍. ഓസ്‌ട്രേലിയയില്‍ വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ മാതാപിതാക്കള്‍ക്ക് നഷ്ടപ്പെട്ടത് നാല് കുട്ടികളെയാണ്.
സ്‌കൂളില്‍ അദ്ധ്യയന വര്‍ഷം അവസാനിച്ചതിന്റെ ഭാഗമായി നടന്ന ആഘോഷ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഡ്രാഗണ്‍ രൂപത്തിലുള്ള ബൗണ്‍സിംഗ് കാസിലില്‍ കുട്ടികള്‍ കളിക്കുകയായിരുന്നു. പെട്ടെന്നാണ് ശക്തിയായ കാറ്റുവീശിയത്. ഇതോടെ ഏകദേശം പത്ത് മീറ്ററോളം ഉയരത്തില്‍ ബൗണ്‍സിംഗ് കാസില്‍ പറന്നുയര്‍ന്നു. തലകീഴായി പറന്ന കാസിലില്‍ നിന്നും കുട്ടികള്‍ പലരും താഴേക്ക് പതിച്ചു. നിരവധി കുട്ടികള്‍ക്കും മൂന്ന് മാതാപിതാക്കള്‍ക്കും പരിക്കേറ്റു. സൈന്യം ഉള്‍പ്പടെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. ഒടുവില്‍ നാല് കുട്ടികളുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചു.
പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. ടാസ്മാനിയയിലെ ദിവോണ്‍പോര്‍ട്ടില്‍ രാവിലെ 10 മണിയോടെയാണ് അപകടം. അഞ്ച് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ നാല് പേരുടെയും നില അതീവ ഗുരുതരമാണ്. എല്ലാവരും ഹില്‍ക്രസ്റ്റ് പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. സ്‌കൂളിലെ ഇക്കൊല്ലത്തെ അവസാന ദിനം മാതാപിതാക്കളോടൊപ്പം ആഘോഷിക്കവെയാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്. അപകടം ഹൃദയഭേദകമാണെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രതികരിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

