കേന്ദ്ര സര്‍ക്കാരിന്‍റെ വാക്കിന് പുല്ലുവില; ആകാശക്കൊള്ള നടത്തി വിമാനക്കമ്പനികള്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ഉറപ്പുകള്‍ പാടെ ലംഘിച്ച്‌ നിരക്ക് പത്തിരട്ടി കൂട്ടി ആകാശത്ത് കൊള്ള നടത്തി വിമാനക്കമ്പനികള്‍. ബലി പെരുന്നാള്‍, ഓണം അവധികളും നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടതും മുതലെടുത്ത് തീവെട്ടിക്കൊള്ളയാണു വിമാനക്കമ്പനികള്‍ നടത്തുന്നത്.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ദുബായ് ഉള്‍പ്പെടെയുള്ള വിദേശനഗരങ്ങളിലേക്കും പത്തിരട്ടി വരെയാണു നിരക്കു കൂടിയത്. കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ നിരക്ക് അമിതമായി വര്‍ധിപ്പിക്കരുതെന്ന വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങളെയെല്ലാം പാടെ അവഗണിച്ച്‌ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യയില്‍ തന്നെയാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്.

ബംഗളൂരുവില്‍ നിന്ന് കൊച്ചി നാവിക വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്ന അലയന്‍സ് എയറില്‍ ബുധനാഴ്ച ടിക്കറ്റ് നിരക്ക് 6816 രൂപയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 6000-9000 രൂപയും. മറ്റു വിമാന സര്‍വീസുകളില്‍ തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്കും തിരികെയുമുള്ള ഇന്നത്തേക്കുള്ള ടിക്കറ്റുകള്‍ 5200-11,000 നിരക്കില്‍ ലഭ്യമാണ്.

കോഴിക്കോട് വിമാനത്താവളം വഴി പല ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്കും ടിക്കറ്റ് കിട്ടാനില്ല. ബുധനാഴ്ച പെരുന്നാള്‍ ആയതിനാല്‍ വ്യാഴാഴ്ച മുതല്‍ വന്‍നിരക്ക് നല്‍കിയാലേ ടിക്കറ്റ് കിട്ടൂ. കോഴിക്കോട്ടുനിന്നു ജിദ്ദയിലേക്ക് 27നേ ടിക്കറ്റുള്ളൂ. 55,000 രൂപയാണു നിരക്ക്. വെബ്‌സൈറ്റുകളില്‍ കയറുമ്പോള്‍ ആദ്യം കുറഞ്ഞ തുകയാണ് കാണിക്കുക. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടി തുടങ്ങുമ്പോഴാണ് ഉയര്‍ന്ന നിരക്കു കാട്ടുന്നത്.

prp

Related posts

Leave a Reply

*