പിഎഫ് പെന്‍ഷന്‍ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം

ന്യൂഡല്‍ഹി: പ്രൊവിഡന്‍റ് ഫണ്ടുമായി ബന്ധപ്പെട്ട് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥയില്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം. പിഎഫുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മുന്‍കാലങ്ങളിലേതുപോലെ സമര്‍പ്പിക്കാമെന്നും മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ ലോക്സഭയില്‍ പറഞ്ഞു. എന്‍കെ പ്രേമചന്ദ്രന്‍ എംപി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ക്ക് ഓണ്‍ലൈന്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ പെന്‍ഷന്‍ നിഷേധിക്കുന്ന കാര്യം ചോദ്യോത്തര വേളയില്‍ ഉന്നയിച്ചപ്പോഴാണ് മന്ത്രി മറുപടി പറഞ്ഞത്. പി.എഫ് പെന്‍ഷന്‍ തുകയില്‍ നിന്നും കമ്മ്യൂട്ട് ചെയ്ത തുക പ്രതിമാസ പെന്‍ഷനില്‍ നിന്നും ഈടാക്കിയ ശേഷവും പൂര്‍ണ്ണ പെന്‍ഷന്‍ പുനഃസ്ഥാപിച്ചിട്ടില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ഗവണ്‍മെന്‍റും പിഎഫ് സ്റ്റേറ്റ് ബോര്‍ഡും തീരുമാനിച്ചിട്ടും ഇക്കാര്യത്തില്‍ ചീഫ് പ്രൊവിഡന്‍റ് ഫണ്ട് കമ്മീഷണര്‍ ഇനിയും ഉത്തരവ് ഇറക്കിയിട്ടില്ല. മന്ത്രിയെക്കാളും ഗവണ്‍മെന്‍റിനെക്കാളും വലിയ അധികാര കേന്ദ്രമാണോ ചീഫ് പ്രൊവിഡന്‍റ് ഫണ്ട് കമ്മീഷണറെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ വിശദമായ മറുപടി ഉടന്‍ നല്‍കാമെന്നും മന്ത്രി മറുപടി നല്‍കി.

prp

Leave a Reply

*