ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില വര്‍ധനവ് മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ ഫ്ലെക്സ് ഫ്യുവലുമായി കേന്ദ്രസര്‍ക്കാര്‍. ഫ്ലെക്സ് ഇന്ധനം ഉപയോഗിക്കുന്ന വാഹന എന്‍ജിനുകള്‍ നിര്‍മിക്കാന്‍ കമ്ബനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സുപ്രീംകോടതിയില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ ഇതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കുന്നത്.
പെട്രോളിനും ഡീസലിനുമൊപ്പം എഥനോള്‍ ചേര്‍ത്ത ഇന്ധനവും കൂടി ഉപയോഗിക്കാന്‍ കഴിയുന്ന എന്‍ജിനുകള്‍ വികസിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ വാഹനനിര്‍മ്മാതാക്കളോട് ആവശ്യപ്പെടുന്നത്. ബ്രസീല്‍, സ്വീഡന്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
എഥനോള്‍ സമ്ബദ്വ്യവസ്ഥ നിര്‍മ്മിക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് ഗഡ്കരി പറഞ്ഞു. എല്ലാ വാഹനനിര്മ്മാതാക്കളോടും ഫ്ലെക്സ് ഫ്യുവല്‍ എന്‍ജിനുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടും. സുപ്രീംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. കോടതിയില്‍ നിന്നും തീരുമാനമുണ്ടാകുന്ന മുറക്ക് ഇക്കാര്യത്തില്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

