തിരുവനന്തപുരം: ലോകപ്രസിദ്ധമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ബൊള്ളാഡുകളും ബ്ളോക്കറുകളും തകരാറിലായത് സുരക്ഷാക്രമീകരണങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു.
ക്ഷേത്രത്തിന്റെ നിലവറകളില്‍ ലക്ഷം കോടികളുടെ അമൂല്യ നിധിശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രസുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ഇലക്‌ട്രോ ഹൈഡ്രോളിക് ബൊള്ളാഡുകളും ഷോര്‍ട്ട് വെര്‍ട്ടിക്കല്‍ പോസ്റ്റുകള്‍, റോഡ് ബ്ളോക്കറുകള്‍ എന്നിവയുമാണ് തകരാറിലായത്.
2015ലാണ് രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇവ സ്ഥാപിച്ചത്. ക്ഷേത്രത്തിന്റെ നാല് നടകളില്‍ നിന്നുള്ള പ്രധാനറോഡുകളിലാണ് ബൊള്ളാഡുകളും ബ്ളോക്കറുകളും സ്ഥാപിച്ചിരുന്നത്. ക്ഷേത്രത്തിന്റെ സെക്യൂരിറ്റി കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള സ്വിച്ചിലാണ് ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. സ്വിച്ച് ഓണാക്കിയാലുടന്‍ തറനിരപ്പില്‍ നിന്ന് മുകളിലേക്ക് പൊന്തിവരുന്ന ഇവയ്‌ക്ക് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ പാഞ്ഞുവരുന്ന വാഹനം തടഞ്ഞുനിറുത്താനും 1000 കിലോ വരെ ഭാരം വഹിക്കാനും ശേഷിയുണ്ട്. സ്‌ഫോടക വസ്‌തുക്കള്‍ നിറച്ചതോ അല്ലാത്തതോ ആയ വാഹനങ്ങളുടെ കടന്നുവരവ് തടയുകയായിരുന്നു ലക്ഷ്യം.
ബൊള്ളാഡുകള്‍ക്കും ബ്ളോക്കറുകള്‍ക്കുമായി കോടികളാണ് ചെലവഴിച്ചത്. മൂന്ന് വര്‍ഷത്തെ ഗാരന്റി കാലാവധിക്ക് ശേഷവും അവ ഏറെക്കാലം പ്രവര്‍ത്തിച്ചെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവ ഒന്നൊന്നായി പ്രവര്‍ത്തന രഹിതമാകുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ടെമ്ബിള്‍ പൊലീസ് ബദല്‍ സുരക്ഷാ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെങ്കിലും അവ അത്ര ശക്തമല്ല. ഗാരന്റി കാലാവധി അവസാനിച്ചതിനാല്‍ കമ്ബനികള്‍ക്ക് ഇവയുടെ തകരാര്‍ സൗജന്യമായി പരിഹരിച്ച് നല്‍കാന്‍ കഴിയില്ല. അറ്റകുറ്റപ്പണി നടത്താന്‍ ടെന്‍ഡര്‍ ക്ഷണിച്ച് കാത്തിരിക്കുകയാണ് ടെമ്ബിള്‍ പൊലീസ്.
സ്‌പീഡ് ഫോള്‍ഡിംഗ് ഡോറുകള്‍ക്കും തകരാര്‍
ക്ഷേത്രത്തിനുള്ളിലും കവര്‍ച്ചയും അതിക്രമിച്ച് കടക്കലും തടയുന്നതിനായി കവാടങ്ങളില്‍ സ്ഥാപിച്ച സ്‌പീഡ് ഫോള്‍ഡിംഗ് ഡോറുകളും തകരാറിലാണ്. സ്വിച്ചിടുമ്ബോള്‍ മിന്നല്‍ വേഗത്തില്‍ അടയുന്ന ലോഹ കതകുകളാണ് ഇടയ്‌ക്കിടെ തകരാറിലാകുന്നത്. പ്രമുഖ കമ്ബനി സ്ഥാപിച്ച ഡോറുകള്‍ ഇതിനകം പലതവണ റിപ്പയറിംഗിന് വിധേയമാക്കിയിട്ടുണ്ട്.
കാമറകളും പ്രവര്‍ത്തനരഹിതം
ക്ഷേത്രത്തില്‍ സുരക്ഷാ നടപടികളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് സ്ഥാപിച്ച 65 കാമറകള്‍ പ്രവര്‍ത്തന രഹിതമാണ്. കാമറകളും നിരീക്ഷണത്തിനായുള്ള സ്ക്രീനുകള്‍ക്കുമാണ് തകരാര്‍. സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 90ഓളം കാമറകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
സുരക്ഷ വെല്ലുവിളി
ടൂറിസ്റ്റ് സീസണ്‍ ആരംഭിക്കുകയും മണ്ഡലകാലം വരാനിരിക്കുകയും ചെയ്യുന്നതോടെ വരും മാസങ്ങളില്‍ ക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്കുണ്ടാകും. ഈ സമയത്ത് സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ പോരായ്‌മകള്‍ പൊലീസിന് കടുത്ത വെല്ലുവിളിയാകും.
‘ബൊള്ളാഡുകളുടെയും ബ്ളോക്കറുകളുടെയും തകരാര്‍ പരിഹരിക്കാന്‍ പൊലീസ് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ദ്ധരായ കമ്ബനികളുടെ സേവനം ലഭ്യമായാല്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ കഴിയും. യന്ത്ര സംവിധാനങ്ങളുടെ പോരായ്‌മ കണക്കിലെടുത്ത് ക്ഷേത്രത്തിലും പരിസരത്തും പൊലീസിന്റെ നിരീക്ഷണവും സുരക്ഷാനടപടികളും ശക്തമാക്കിയിട്ടുണ്ട്’.
അജിത്, ഡെപ്യൂട്ടി കമ്മിഷണര്‍, ടെമ്ബിള്‍ പൊലീസ്

