യുക്രെയിന്‍: ആക്രമണം തുടര്‍ന്ന് റഷ്യ, മരണം 19

കീവ്: യുക്രെയിനില്‍ തിങ്കളാഴ്ച ആരംഭിച്ച റഷ്യന്‍ വ്യോമാക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 19 പേര്‍. എന്നാല്‍ ഇന്നലെ താരതമ്യേന തീവ്രത കുറഞ്ഞ ആക്രമണമായിരുന്നു നടന്നത്.

പരിക്കേറ്റവരുടെ എണ്ണം 105 കവിഞ്ഞു. 300ലേറെ നഗരങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലാണ്. സെപൊറീഷ്യ, മൈക്കലൈവ്, പടിഞ്ഞാറന്‍ നഗരമായ ലിവീവ് തുടങ്ങിയ മേഖലകളിലാണ് ഇന്നലെ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തലസ്ഥാനമായ കീവില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നിലനിന്നിരുന്നതിനാല്‍ ജനങ്ങള്‍ സുരക്ഷാകേന്ദ്രങ്ങളില്‍ തുടരുകയാണ്. കീവിലെ ഭൂഗര്‍ഭ മെട്രോ സര്‍വീസുകള്‍ മുടക്കമില്ലാതെ തുടരുന്നുണ്ട്. അതേസമയം, യുക്രെയിനിലെ സംഘര്‍ഷം രൂക്ഷമാക്കുന്നത് പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലാണെന്ന് റഷ്യന്‍ ഉപ വിദേശകാര്യ മന്ത്രി സെര്‍ജി റിയബ്കൊവ് ആരോപിച്ചു.

റഷ്യന്‍ ആക്രമണങ്ങള്‍ കടുത്ത പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയതായി നാറ്റോ അറിയിച്ചു. നാറ്റോയുടെ വെര്‍ച്വല്‍ ഉച്ചകോടി ഉടന്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. യു.എസ് പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള ജി 7 നേതാക്കള്‍ ഇന്നലെ വെര്‍ച്വല്‍ കൂടിക്കാഴ്ച ചേര്‍ന്നിരുന്നു.

അതേസമയം, വരുന്ന ജി 20 ഉച്ചകോടിയില്‍ പുട്ടിനും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സാദ്ധ്യത തള്ളില്ലെന്നും ക്ഷണം ലഭിച്ചാല്‍ നിര്‍ദ്ദേശം പരിഗണിച്ചേക്കുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു.

prp

Leave a Reply

*