കൊച്ചി: ഭര്‍ത്താവ് രംഗനൊപ്പം എറണാകുളത്ത് കൂലിവേല ചെയ്തും ലോട്ടറി വിറ്റും താമസിച്ചിരുന്ന പത്മ ഈ വര്‍ഷം ഏപ്രില്‍ മുതലാണ് കടവന്ത്ര എളംകുളത്തെ ചര്‍ച്ച് റോഡിലെ വാടകമുറിയില്‍ ഒറ്റക്ക് താമസം തുടങ്ങിയത്.
നേരത്തേ ഭര്‍ത്താവിനൊപ്പം കുറച്ചുകൂടി വലിയ മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നതെന്ന് വീട്ടുടമ റെജി ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഭര്‍ത്താവിനൊപ്പം നാട്ടില്‍ പോയ ഇവര്‍ പിന്നീട് തനിച്ചാണ് മടങ്ങിയെത്തിയത്. തുടര്‍ന്നാണ് ചെറിയ മുറിയിലേക്ക് മാറിയത്. എളംകുളത്ത് എത്തുന്നതിന് മുമ്ബ് വൈറ്റില പൊന്നുരുന്നിയിലും മറ്റും ഇവര്‍ താമസിച്ചിരുന്നു. ഇവരുടെ രണ്ട് ആണ്മക്കള് സ്വദേശത്താണുള്ളത്.
തനിക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാത്ത സ്ത്രീയാണ് പത്മയെന്ന് വീട്ടുടമ പറഞ്ഞു. എല്ലാ മാസവും ഒരു ദിവസം മുമ്ബേ കൃത്യമായി തുക തരും. അവിടെ താമസിക്കുന്ന പലര്‍ക്കും വാടക നല്കാന് ഇവര്‍ സഹായിക്കാറുമുണ്ടായിരുന്നുവെന്നാണ് അറിഞ്ഞത്. നാട്ടില്‍ പോകുന്ന ദിവസങ്ങളില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വെക്കുകയാണ് പതിവ്. വരുന്നതിന് തൊട്ടുതലേന്ന് വരുന്ന വിവരം വിളിച്ചറിയിക്കും. ഇവരെ കാണാനില്ലെന്ന് പത്മയുടെ സഹോദരിയാണെന്ന് പരിചയപ്പെടുത്തിയ സ്ത്രീയാണ് രണ്ടാഴ്ചക്ക് മുമ്ബ് വിളിച്ചറിയിച്ചത്. കഴിഞ്ഞ ദിവസവും അവര്‍ വിളിച്ചിരുന്നുവെന്ന് റെജി ജോസഫ് പറഞ്ഞു.

