ന്യൂഡല്‍ഹി: മേല്‍വിലാസം തെളിയിക്കുന്നതിനായുള്ള രേഖയായി ഇനിമുതല്‍ പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് വിലാസം ഒഴിവാക്കുന്നതിനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നതോടെയാണ് പാസ്പോര്‍ട്ട്, വിലാസം തെളിയിക്കുന്ന ഔദ്യോഗിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കാതെ വരുകയെന്ന് പാസ്പോര്‍ട്ട്, വിസ ഡിവിഷനിലെ നിയമ വിദഗ്ദ്ധര്‍ അറിയിച്ചു.
നിലവിലുള്ള പാസ്പോര്‍ട്ടിന്റെ ഒന്നാം പേജില്‍ വ്യക്തിയുടെ ഫോട്ടോയും പേരും അവസാനത്തെ പേജില്‍ മേല്‍വിലാസവുമാണുള്ളത്. അതുകൊണ്ടായിരുന്നു ഈ രണ്ട് പേജുകളും ചേര്‍ത്ത് വിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയായി പാസ്പോര്‍ട്ട് ഉപയോഗിച്ചു വന്നിരുന്നത്. എന്നാല്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ വ്യക്തിയുടെ വിലാസം നേരത്തെ ലഭിക്കുന്നതിനാല്‍ പാസ്പോര്‍ട്ടിലെ അവസാന പേജ് പരിശോധിക്കാറില്ല.
2012 മുതലുള്ള എല്ലാ പാസ്പോര്‍ട്ടിനും ബാര്‍കോഡുകളുണ്ട്. ഇത് സ്കാന്‍ ചെയ്യുന്നത് വഴി ഉടമയുടെ വിവരങ്ങള്‍ ലഭ്യമാകും. അതേസമയം അടുത്ത ശ്രേണിയില്‍ പാസ്പോര്‍ട്ടുകള്‍ക്ക് മാറ്റമുണ്ടാകുമെങ്കിലും നിലവില്‍ പാസ്പോര്‍ട്ട് എടുത്തവര്‍ക്ക് കാലാവധി കഴിയുന്നത് വരെ ഇതേ രീതി തുടരാം.
പാസ്പോര്‍ട്ടിന്റെ കളറിലും മാറ്റങ്ങള്‍ വരുത്താന്‍ വിദേശകാര്യമന്ത്രാലയം ആലോചിക്കുന്നുണ്ട്. പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് പൂര്‍ണ്ണ വിലാസം ഒഴിവാക്കി പുതിയ പാസ്പോര്‍ട്ട് നല്കുന്നതിനായുള്ള പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് പാസ്പോര്‍ട്ട് ഡിവിഷന് നിയമകാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി സുരേന്ദ്ര കുമാര്‍ വ്യക്തമാക്കി.

